പറവൂര്‍: പറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രസവചികിത്സാക്കിടയില് നവജാതശിശുവിന് സംസാരശേഷി നഷ്ടപ്പെടുകയും വലതുകൈ തളര്‍ന്നുപോവുകയും ചെയ്ത സംഭവത്തില്‍ മതിയായ ചികിത്സാസൗകര്യം ഒരുക്കണമെന്നും കുറ്റക്കാരിയായ ഡോ. സ്വപ്ന ഭാസ്കറിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിരാഹാരസമരം തുടങ്ങി.
കുട്ടിയുടെ മാതാപിതാക്കളായ നീറിക്കോട് പള്ളത്ത്പറമ്പ് നവാസും നൗഫിയുമാണ് ആശുപത്രിക്ക് മുമ്പില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആശുപത്രിക്ക് മുമ്പില്‍ നിരാഹാരം കിടന്നതിനെത്തുടര്‍ന്ന് കുട്ടിക്ക് അധികൃതര്‍ വിദഗ്ധചികിത്സ വാഗ്ദാനം ചെയ്യുകയും അതിനെത്തുടര്‍ന്ന് അമൃത ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത ചികിത്സ നിഷേധിക്കുകയായിരുന്നു അധികൃതര്‍.
ഒരുവര്‍ഷത്തിനു മുമ്പ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി നൗഫിയെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സ്വപ്ന ഭാസ്കറും ഇവരുടെ ഭര്‍ത്താവും ഈ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനുമായ ഡോ. സുനിലും ചേര്‍ന്ന് അശാസ്ത്രീയമായി കുട്ടിയെ വലിച്ചുപുറത്തെടുത്തതോടുകൂടിയാണ് കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെടുകയും വലതുകൈ തളര്‍ന്നുപോവുകയും ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
പ്രസവസമയത്ത് തന്നെ ഗുരുതരാവസ്ഥയിലായ കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെനിന്ന് വിദഗ്ധചികിത്സക്കായി അമൃത ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നാല് ഓപ്പറേഷനും 10 വര്‍ഷം ഫിസിയോതെറാപ്പിയും ചെയ്താല്‍ അസുഖം ഭേദമാകുമെന്നാണ് അമൃതയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി ഭീമമായ തുക ചെലവാകും.
കൂലിപ്പണിക്കാരനായ നവാസിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വിദഗ്ധചികിത്സ നിഷേധിച്ചതാണ് ഇവരെ ആശുപത്രിക്ക് മുന്നില്‍ നിരാഹാരം കിടക്കാന്‍ പ്രേരിപ്പിച്ചത്.
കുട്ടിക്ക് മതിയായ ചികിത്സ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാരും ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന സമിതിയംഗം എം.എന്‍. ബാലചന്ദ്രന് ഉദ്ഘാടനംചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് യാസിം കരിങ്ങാംതുരുത്ത്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ.വൈ. ഇബ്രാഹിം, പിഡിപി നേതാവ് യാക്കൂബ്, വിശ്വനാഥന്, ലൈജു മങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: