കൊച്ചി: കേരളത്തിലാദ്യമായി വനാമി ചെമ്മീന്‍കൃഷിക്ക് തുടക്കമിട്ട കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) കൃഷി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി വനാമികൃഷിരീതികളുടെ സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് കൈമാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 30 ചെമ്മീന്‍ കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യേണ്ടവിധം പരിചയപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സര്‍വകലാശാലയുടെ പുതുവൈപ്പിലുള്ള ഫിഷറീസ് സ്റ്റേഷനില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. കൃഷി ആരംഭിക്കുന്നതിനാവശ്യമായ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സിഎഎ) ലൈസന്‍സ് ലഭിക്കുന്നതിനുള്ള മുന്‍കരുതലുകളെക്കുറിച്ച് കര്‍ഷകരെ ബോധവല്ക്കരിക്കുന്നതിനുകൂടിയാണ് കുഫോസ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്.
കര്‍ഷകരുടെ ഫാമുകള്‍ സന്ദര്‍ശിച്ച് കരുതല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും. പരിശീലനപരിപാടി രാവിലെ പത്ത് മണിക്ക് കുഫോസ് വൈസ്ചാന്‍സലര്‍ പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ പത്മകുമാര്‍ അധ്യക്ഷത വഹിക്കും.
ചെന്നൈ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. പി. രവിചന്ദ്രന്‍, കേന്ദ്ര ഓരുജല മത്സ്യകൃഷി സ്ഥാപനത്തിന്റെ (സിബ) ഡയറക്ടര്‍ ഡോ. കെ.കെ. വിജയന്, കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ വികാസ്, എംപിഇഡിഎ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷാജി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: