പള്ളിക്കത്തോട്: കേരളം രൂപീകരിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയാകാറാകുമ്പോള്‍ മുമ്പ് വിദ്യാഭ്യസത്തിന്റെ മികവിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നോക്കം പോയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ഒ. രാജഗോപാല്‍. പള്ളിക്കത്തോട് അരവിന്ദവിദ്യാമന്ദിരത്തിന്റെ രജതജയന്തി സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാറിമാറിവന്ന ഭരണം വിദ്യാഭ്യാസ രംഗത്തെ കുളമാക്കി. വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രഗത്ഭരെ സൃഷ്ടിച്ച നമ്മുടെ നാട്ടില്‍ ഈ രംഗം ഇന്ന് എവിടെ നില്‍ക്കുന്നെന്ന് ചിന്തിക്കണമെന്ന് രാജഗോപാല്‍ പറഞ്ഞു. ഇനിയുള്ള എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവരെയും ജയിപ്പിക്കുന്ന സ്ഥിതി എത്തിയിരിക്കുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
സംഘാടനമികവുമായി അരവിന്ദവിദ്യാലയം
പള്ളിക്കത്തോട്: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള പരമോന്നത രാഷ്ട്രീയ നേതാവായ എല്‍.കെ. അദ്വാനി എത്തിയപ്പോള്‍ ഒരു നോക്കുകാണാനും ആ വാക്കുകള്‍ കേള്‍ക്കാനും ആയിരങ്ങളാണ് പള്ളിക്കത്തോട്ടിലേക്ക് ഒഴുകിയെത്തിയത്. അരവിന്ദവിദ്യാമന്ദിര പരിസരം ജനനിബിഢമായപ്പോള് ഒരു പിഴവുപോലുമില്ലാതെയാണ് സംഘാടക മികവിന്റെ മാതൃകയായി പരിപാടി നടന്നത്. വന്‍ സുരക്ഷാ സന്നാഹത്തിനിടയില്‍ മെറ്റല്‍ ഡിറ്റക്ടറിലൂടെ തിക്കും തിരക്കുമില്ലാതെയാണ് ആയിരങ്ങള്‍ക്ക് അദ്വാനിയുടെ വേദിക്കു മുമ്പിലേക്ക് എത്താനായത്. നൂറുകണക്കിന് വാഹനങ്ങള്‍ പള്ളിക്കത്തോട് ഗ്രാമത്തിലേക്ക് എത്തിയപ്പോള്‍ ചെറിയ റോഡില്‍ ഒരിടത്തുപോലും ഗതാഗതകുരുക്കുണ്ടാവാതെ സുഗമമായ യാത്ര എല്ലാവര്‍ക്കുമായി. ഇതെല്ലാം സേവന സന്നദ്ധരായ വാളണ്ടിയേഴ്സിന്റെയും പോലീസിന്റെയും മികവുകൊണ്ടുമാത്രമാണ്. അയ്യായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്കി തിരക്കില്ലാതെ പരിപാടിക്കെത്തിയ ഓരോരുത്തര്‍ക്കും ഭക്ഷണം ലഭ്യമാക്കാനായതും സംഘാടക മികവിന് തെളിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: