കൊട്ടാരക്കര: കൊട്ടാരക്കരത്തമ്പുരാന്‍ കഥകളി മ്യൂസിയം സംരക്ഷിക്കാന്‍ ബിജെപി ജനകീയ കൂട്ടായ്മ നടത്തും. ഇന്നലെ നടന്ന മണ്ഡലം കമ്മറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മ്യൂസിയം മാറ്റാനുള്ള നീക്കത്തിന് പിന്നില്‍ ഗുഢാലോചനയുണ്ട്. ഇതിന് സംരക്ഷണം ആവശ്യപ്പെട്ടും ദേവസ്വം ബോര്‍ഡ് ഒഴിപ്പിക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടും സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ച് ജനകീയകൂട്ടായ്മ നടത്തും.
ഒഴിപ്പിക്കല്‍ നാടകത്തിന് പിന്നിലുള്ള ദൂരൂഹത നീക്കണമെന്നാവശ്യപ്പെട്ടും തമ്പുരാന്റെ സ്മാരകം സ്വന്തം കൊട്ടാരത്തില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും ദേവസ്വം മന്ത്രി, കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു.
മുന്‍പും ഇത് മണ്ണടിയിലേക്ക് മാറ്റാന്‍ ശ്രമം നടന്നിരുന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനസമതി അംഗം അഡ്വ. സത്യരാജ്, കെ.ആര്. രാധാകൃഷ്ണന്, അണ്ടൂര്‍ രാധാകൃഷ്ണന്, ചാലൂക്കോണം അജിത്ത്, ഹരി മൈലംകുളം, സതീഷ്ബാബു, എം.എല്‍. ബിനു, ഹരിതേവന്നൂര്, ഭാസ്കരന് പിള്ള എന്നിവര്‍ സംസാരിച്ചു.
അതേസമയം വിവിധ കേന്ദ്രങ്ങളില്‍ നിന്നും സാംസ്കാരിക നായകന്മാരും മ്യൂസിയം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ രംഗത്ത് എത്തി. എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ ഒഴിപ്പിക്കല്‍ നോട്ടീസിനെപ്പറ്റി അറിയില്ലന്ന നിലപാടിലേക്ക് ബോര്‍ഡ് മാറി. നോട്ടീസ് നല്കിയ അസിസ്റ്റന്റ് കമ്മീഷണറെ ബലിയാടാക്കി ഉത്തരവ് നല്കിയവര് തടിതപ്പാന്‍ ശ്രമിക്കുകയാണ്. അതേ സമയം തമ്പുരാന് മ്യൂസിയം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് കൊട്ടാരക്കരയുടേയും കഥകളിയുടേയും പെരുമ സംരക്ഷിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള മ്യൂസിയത്തെ ഉയര്‍ത്തിക്കാട്ടാന്‍ പുരാവസ്തുവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപമാണ് ഇതിന് പിന്നില്‍.
സ്ഥാപനം ഇവിടേക്ക് മാറ്റി നാല് വര്‍ഷം പിന്നിട്ടപ്പോള്‍ മാത്രമാണ് കഥകളിശില്പ്പങ്ങള് പോലും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്. അതും മാധ്യമവാര്‍ത്തകള്‍ക്ക് ശേഷം. ദേവസ്വം ബോര്‍ഡും പുരാവസ്തു വകുപ്പും കെട്ടിടം നവീകരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പ്രധാന സന്ദര്‍ശകമുറി മഴപെയ്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. അപൂര്‍വ പൈതൃക വസ്തുക്കളാണ് ഇത് മൂലം നശിക്കുന്നത്.
കെട്ടിടം സംരക്ഷിക്കാന്‍ പോലും തയ്യാറാകാത്ത ഇവരുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മഹാഗണപതിക്ഷേത്രത്തില്‍ എത്തുന്നവരെ ഉള്‍പ്പടെ ആയിരങ്ങളെ ആകര്‍ഷിക്കേണ്ട മ്യൂസിയത്തിന് ഇതുവരെ ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ലെന്നത് പുരാവസ്തു വകുപ്പ് കാണിക്കുന്ന അവഗണനയ്ക്ക് ഉദാഹരണമാണ്. തമ്പുരാന്റെ ജന്മഗൃഹം സംരക്ഷിച്ച് ഈ സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് അടിയന്തരശ്രമം ഉണ്ടാകേണ്ടത്.
നവരസങ്ങളും കഥകളി വേഷങ്ങളും നൃത്തരൂപങ്ങളും, മുദ്രകളും, ശില്പങ്ങളും ഇപ്പോള്‍ തന്നെ മ്യൂസിയത്തിലുണ്ട്. വാദ്യോപകരണങ്ങളും കഥകളി ചരിത്ര സൂചികകളും പുരാതന നാണയങ്ങളും ഇപ്പോഴും ചാക്കുകെട്ടുകളിലാണ്.
പൈതൃക കലാപഠന കേന്ദ്രത്തിലെ പുരാതന വസ്തുക്കള്‍ക്കൊപ്പം ഇവകൂടി പ്രദര്‍ശിപ്പിക്കുകയും ദേവസ്വംബോര്‍ഡും പുരാവസ്തുവകുപ്പും സംയുക്തമായി കേന്ദ്രത്തിന്റെ നവീകരണം നടപ്പാക്കുകയും തമ്പുരാന്റ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ച് കഥകളിയുടെ ജന്മദേശത്തിന്റേയും ജനയിതാവിന്റേയും പെരുമ സംരക്ഷിക്കണമെന്നുമാണ് ഉയര്‍ന്നുവരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: