കൊച്ചി: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താത്തതിലും നഗരത്തിലെ പ്രധാന തോടുകളില്‍ ചെളി നീക്കം നടത്താത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. ജൂണില്വര്ഷകാലം ആരംഭിക്കാനിരിക്കെ നഗരസഭ യാതൊരു വിധ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചര്‍ച്ചാ വേളയില്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബാണ് നഗരസഭക്കെതിരെ ആരോപണം ഉന്നയിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ മഴക്കാലം എത്തുന്നതിനു മാസങ്ങള്‍ മുമ്പേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കൊല്ലം മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നഗരസഭ കാട്ടുന്ന അലംഭാവം ജനങ്ങളെ ആശങ്കയിലാക്കുകയാണ്. മെട്രൊ നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളും കാനകളും തകര്‍ന്നു കിടക്കുകയാണ്. മഴയെത്തിയാല്‍ ഈ റോഡുകള്‍ കുളമാകും. കാനകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ പകരുന്നതിനും കാരണമാകും.
നഗരത്തിലെ പ്രധാന തോടുകളില്‍ ഒന്നായ പേരണ്ടൂര്‍ കനാലില്‍ പോള നീക്കല്‍ മാത്രമാണ് നടന്നിരിക്കുന്നത്. ഇത് കൊണ്ട് കനാല്‍ ശുദ്ധിയാകില്ല. കാനകളില്‍ ചെളി നിറഞ്ഞ സ്ഥിതിയാണ്. മഴക്ക് മുമ്പ് ടെണ്ടര്‍ വിളിച്ച് കാനകള്‍ വൃത്തിയാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവധിക്കുന്ന തുക പല വഴിക്കും വീതം വയ്ക്കുകയാണെന്നും ജേക്കബ് ആരോപിച്ചു.
ജഡ്ജസ് അവന്യൂ മുതല്‍ പനമ്പിള്ളി നഗര്‍ വരെയുള്ള ഭാഗങ്ങളിലെ വീടുകളില്‍ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന സ്ഥിതിയാണ്. ഇവിടെ യാതൊരു പ്രവര്‍ത്തനങ്ങളും നഗരസഭ ചെയ്തിട്ടില്ല. വലിയ തോടുകളില്‍ എല്ലാ വര്‍ഷവും ചെളി നീക്കം നടത്തി വരുന്നത് ഇത്തവണയും നടത്തണം. സോണുകള്‍ തിരിച്ച് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം.
മഴക്കാലത്തിനു മുമ്പായി നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കൗണ്‍സിലര്‍ കെ.വി. മനോജ് ആവശ്യപ്പെട്ടു. നഗരത്തില്‍ ശുചീകരണ പ്രവര്ത്തനനം നടത്തുന്ന തൊഴിലാളികള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. 500 ഓളം തൊഴിലാളികളാണ് നഗരത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ നഗരസഭ ഇതുവരെ തയാറായിട്ടില്ല. ശുചീകരണ തൊഴിലാളികള്‍ക്ക് ഗൗസ്, മഴക്കോട്ട്, ഡ്രസ്, ഷൂ മുതലായവ വിതരണം ചെയ്യണം. മാലിന്യ നീക്കം നടത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടിയാണ് അധികൃതര്‍ കാട്ടുന്നത്. അല്പം താമസിച്ചാല്‍ മാലിന്യം ലോറിയില്‍ കയറ്റില്ലെന്നാണ് ലോറിക്കാരുടെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ നഗരസഭ ഇടപെടണം.
ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ കാണിക്കാനായി മാത്രം പേരിനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നഗരസഭ നടത്തുന്നതെന്ന് കൗണ്‍സിലര്‍ എം. അനില്‍കുമാര്‍ ആരോപിച്ചു. പേരണ്ടൂര്‍ കനാല്‍, ചങ്ങാടം പോക്ക് റോഡ് എന്നിവിടങ്ങളില്‍ ലെവല്‍സ് എടുക്കാതെയാണ് ഇവിടെ കരാറുകാര്‍ ചെളി നീക്കം നടത്തിയിട്ടുള്ളത്. പണമുള്ളവരുടെ സ്ഥാപനങ്ങളില്‍ നിന്നും നഗരസഭയുടെ തൊഴിലാളികള്‍ മാലിന്യ നീക്കം നടത്തുന്നത് നിര്‍ത്തണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ജനങ്ങളെ കബളിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ നഗരസഭ നടപ്പാക്കിയിട്ടുള്ളുവെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയി. കൗണ്സില്ര്മാരായ പി.ആര്. റനീഷ്, വി.കെ. മിനിമോള്‍, എം.പി. മഹേഷ്കുമാര്‍, സി.എ. ഷക്കീര്‍, രത്നമ്മ രാജു, ശ്യാമള എസ്. പ്രഭു, വി.എന്‍. സരോജിനി, പി.എസ്. പ്രകാശ്, സുധ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: