കൊച്ചി: ഇരുപതു വര്‍ഷമായി പുറമ്പോക്കില്‍ താമസിക്കുന്ന മാനസികാസ്വാസ്ഥ്യമുള്ള രണ്ടു കുട്ടികളുടെ പിതാവിന് ഭൂമി കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഭൂമി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ഫഌക്സ് കൊണ്ട് മറച്ച ഷെഡിലാണ് ചെമ്പറക്കി കവലയ്ക്കു സമീപം ഇവരുടെ താമസം. അസുഖക്കാരായ മക്കള്‍ ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്നു. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് സമീപമുള്ള പെട്രോള്‍ പമ്പ് ഉടമയുടെ കാരുണ്യത്തിലാണ്. ഗൃഹനാഥനായ പി.കെ.കരീം നട്ടെല്ല് രോഗത്തിനു ചികിത്സയിലുമാണ്.
2013 ല്‍ ഇവര്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ 3 സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മക്കളെ കൊണ്ടുപോകാനാവില്ലെന്ന് കാണിച്ച് സര്‍ക്കാരിനു അപേക്ഷ നല്കി. എന്നാല്‍ പകരം ഭൂമി അനുവദിച്ചില്ല.
കമ്മീഷന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് നോട്ടീസയച്ചതിനെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടുന്ന മുറയ്ക്ക് പരാതിക്കാരന് എറണാകുളം ജില്ലയിലെ വാഴക്കുളം വില്ലേജില്‍ ഭൂമി അനുവദിക്കാമെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തില്‍ മുന്‍ഗണനാക്രമം നോക്കില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ഭൂമിക്ക് പുറമേ പരാതിക്കാരന് ആവശ്യമായ ധനസഹായം അനുവദിക്കണമെന്നും കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദ്ദേശം നല്കി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്കും ഉത്തരവ് കൈമാറിയതായി കമ്മീഷന് പത്ര കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: