ഓയൂര്‍: ആറു മക്കളുടെ അമ്മ ജീവിതസായാഹ്നത്തില്‍ പുഴുവരിച്ച നിലയില്‍. രക്ഷിതാക്കളാകേണ്ട മക്കളുടെ അവഗണനയിലാണ് നാലുപെണ്ണും രണ്ട് ആണും ഉള്‍പ്പെടെ ആറുമക്കളുടെ അമ്മയായ കരിങ്ങന്നൂര്‍ ആലൂംമൂട്ടില്‍ വടവൂര്‍ പുത്തന്‍വീട്ടില്‍ സുഭാഷിണിക്ക് (88) ഈ ഗതി.
നാലര ഏക്കറോളം വരുന്ന ഭാഗം ചെയ്തു കൊടുത്ത വസ്തുവില്‍ മക്കളും മരുമക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ 12 വീടുകളിലായി 35 ഓളം ആളുകള്‍ താമസിക്കുന്നിടത്ത് റബ്ബര്‍ തോട്ടത്തിനുള്ളില്‍ ഒടിച്ചു കുത്തിയ കൂരയില്‍ ആരാലും പരസഹായം ഇല്ലാതെ ഈ അമ്മ കിടക്കുകയാണ്.
രോഗാതുരയായി എഴുന്നേല്ക്കാന് പോലും കഴിയാതെ ഇപ്പോള്‍ വ്രണങ്ങളാല്‍ മാരകമായ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. കരിങ്ങന്നൂര്‍ ഭൂവനേശ്വരി ക്ഷേത്ര ഭാരവാഹികള്‍ ഉത്സവവുമായി ബന്ധപ്പെട്ട് ചെന്നപ്പോളാണ് ഇത് പുറം ലോകം അറിയുന്നത്. നിലവില്‍ ഇവരുടെ പേരില്‍ എട്ട്സെന്റ് വസ്തു മാത്രമാണുള്ളത്. ഇതിനു വേണ്ടി മക്കള്‍ തമ്മില്‍ പരസ്പരം മത്സരമാണ്. അവര്‍ക്ക് നേരത്തേ ആഹാരം കിട്ടിയിരുന്നത് അടുത്തുള്ള അങ്കണവാടിയില്‍ നിന്നായിരുന്നു. ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.
പഞ്ചായത്തു പ്രസിഡന്റ് ഉള്‍പ്പെടെ പലപ്പോഴായി കുടുബക്കാരുമായി സംസാരിച്ചെങ്കിലും ബന്ധുക്കളാരും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ഇവരുടെ പേരില്‍ പഞ്ചായത്തില്‍ നിന്നു അനുവദിച്ച വീട്ടില്‍ നിലവില്‍ വീടുള്ള മകനാണ് ഇപ്പോള്‍ താമസിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തില്‍ മഴക്കാലമായതോടെ കൊതുകിന്റെ കടിയേറ്റ് വ്രണങ്ങളാല്‍ നീറുന്ന ഇവര്‍ക്കുവേണ്ടി അധികാരികളെ അറിയിച്ചിട്ടു കൂടി വേണ്ട നടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: