ചാത്തന്നൂര്‍: കുടുംബബജറ്റിന്റെ താളം തെറ്റിച്ച് സ്കൂള്‍ വിപണിയില്‍ വിലക്കയറ്റം. പുത്തനുടുപ്പും പുതിയ ബാഗുകളും വാട്ടര്‍ബോട്ടിലുമൊക്കെയായി സ്കൂളിലേക്ക് പോകുവാന്‍ കുകാത്തിരിക്കുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ആയിരത്തിന്റെ നോട്ടുകള്‍ ഒന്നിലധികം അനിവാര്യമാണ്.
സ്കൂള്‍ വിപണി കീഴടക്കാന്‍ കമ്പനികളും കടക്കാരും മത്സരിക്കുകയാണ്. പൊള്ളുന്ന വില രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാക്കുന്നു. ബാഗും കുടയും പെന്‍സില്‍ ബോക്സും ജ്യോമട്രിബോക്സും വാട്ടര്‍ ബോട്ടിലും ടിഫിന്‍ബോക്സും നോട്ടുബുക്കും യൂണീഫോമും ചെരിപ്പുമൊക്കെയായി കുട്ടികള്‍ക്ക് ആവശ്യമുള്ളത് എല്ലാം വാങ്ങണമെങ്കില്‍ കുറഞ്ഞത് 3000 രൂപയെങ്കിലും ആവശ്യമാണ്. വില എത്രയായാലും കുട്ടികള്‍ക്ക് ആവശ്യമുള്ളവ രക്ഷിതാക്കള്‍ വാങ്ങുമെന്ന വിശ്വാസത്തില്‍ കച്ചവടക്കാര്‍ വില കൂട്ടുകയും ചെയ്യുന്നു.
കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളുടെ പേരിലുള്ള ബാഗും കുടയും വാട്ടര്‍ ബോട്ടിലും പെന്‍സില്‍ ബോക്സും ഒക്കെ വിവിധ രൂപത്തിലും ഭാവത്തിലും കടകളില്‍ നിറഞ്ഞുകഴിഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് ഡോറയും ബാര്‍ബിയും ആണ്‍കുട്ടികള്‍ക്ക് ബെന്ടനും സ്പൈഡര്‍മാനും ഛോട്ടാഭീമും ടോം ആന്റ് ജെറിയുമൊക്കെയാണ് പ്രിയം. ചെറിയ കുട്ടികള്‍ക്കുള്ള കമ്പനിബാഗിന് കുറഞ്ഞത് 320 രൂപ വേണം. കമ്പനികളുടേത് അല്ലെങ്കില്‍ 250 രൂപ മുതലാണ് വില. ഉയര്‍ന്ന വിലയാകട്ടെ 790രൂപ. ആയിരം മുതല്‍ 1350രൂപ വരെ വിലയുള്ള ബാഗുകളും ഉണ്ട്. ഒരു വര്‍ഷ ഗ്യാരന്റിയുള്ള ബാഗുകളും ഉണ്ട്. മഴക്കാല വിപണിയെ ലക്ഷ്യമിട്ട് കുടകളും മഴക്കോട്ടുകളും കടകളില്‍ എത്തിക്കഴിഞ്ഞു.
വര്ണവൈവിധ്യങ്ങളുമായി കുട്ടികള്‍ക്കുള്ള ചെറിയ കുടകളും ത്രീഫോള്‍ഡും ടു ഫോള്‍ഡും നാനോയുമൊക്കെ പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലും ഇറങ്ങിക്കഴിഞ്ഞു. ബുക്ക് സ്റ്റാളുകളില്‍ വരെ കുടകള്‍ നിറഞ്ഞുകഴിഞ്ഞു. കുടകളുടെ വില 160ല്‍ തുടങ്ങുന്നു. 240 രൂപയ്ക്ക് സാധാരണ ചെറിയ കുട ത്രീഫോള്‍ഡ് കുടകളും കിട്ടും. നിറം മാറിയാല്‍ വില കൂടും. നാനോ മോഡലിന് 400 രൂപ മുതലാണ് വില. എന്നാല്‍ ഈ കുടയ്ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
പെന്‍സില്‍ ബോക്സിന്റെ വില 20ല്‍ തുടങ്ങി 150 വരെയെത്തും. നിരവധി അറകളോട് കൂടിയ ബോക്സാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത് അന്‍പത് രൂപയില്‍ തുടങ്ങുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഉണ്ട്. ആന്ഗ്രിബേഡിന്റേയും ടോമിന്റേയും ജെറിയുടേയും ഒക്കെ രൂപത്തിലുള്ള വാട്ടര്‍ ബോട്ടിലുകളാണ് കൊച്ചുകുട്ടികള്‍ക്ക് ഏറെ പ്രിയം. വലിയ കുട്ടികള്‍ക്കുള്ള ചോറ്റുപാത്രം സ്റ്റീലിന്റെ വില ആരംഭിക്കുന്നത് 120 മുതലാണ്. ചൂടാറാതെ ഭക്ഷണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കാണ് ഏറെ ആവശ്യം.
നോട്ടുബുക്കിന്റെ വില 10 രൂപ മുതല്‍ 60 രുപവരെ. കമ്പനി നോട്ടുബുക്കിന്റെ വില തുടങ്ങുന്നത് 25 മുതലാണ്. ഇതിനുപുറമെ കളര്‍പെന്‍സിലുകള്‍, ചായക്കൂട്ടുകള്‍, ഡ്രോയിംഗ് ബുക്കുകള്‍, ഗൈഡുകള്‍, ഇറേസറുകള്‍, പെന്‍സില്‍ ഷാര്പ്നര്, ബ്രൗണ്‍ പേപ്പറുകള്‍ തുടങ്ങി നീണ്ട പട്ടികയുമുണ്ട്.
ഇതുകൂടാതെ യൂണിഫോമും വാങ്ങേണ്ടതുണ്ട്. അതാകട്ടെ സ്കൂള്‍ അധികൃതരും കടകളുമായി കരാറുണ്ടാക്കിയിരിക്കുന്നു. യൂണിഫോം തയ്ക്കുന്ന കൂലിയും കൂടി ആകുമ്പോള്‍ വരാന്‍ പോകുന്ന സ്കൂള്‍ തുറക്കല്‍ രക്ഷകര്‍ത്താക്കളുടെ പോക്കറ്റ് കാലിയാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: