ഓറഞ്ച് എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ കണ്ണു നിറയുന്നു, മനസ്സുകുളിര്‍ക്കുന്നു. വല്ലാത്തൊരു അനുഭവമാണ് ഓറഞ്ച് കൊണ്ടുവരുന്നത്. ഓറഞ്ചിന്റെ കാല്‍പ്പനിക യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കും മുമ്പ് കാലികവട്ടം വായനക്കാരെ അമ്മയുടെ വാത്സല്യവചനത്തിലേക്ക് ഒന്നു നയിക്കട്ടെ.
മെയ് 17ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ അമൃതവചനം പംക്തിയില്‍ അമ്മയുടെ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെ: അവസരങ്ങള്‍. ഇനി അതിലെ രണ്ടു മൂന്നു വരികളിലേക്ക്: മനുഷ്യജീവിതം ക്ഷണികമാണ്. അതുകൊണ്ടുതന്നെ, അല്‍പ്പനേരം നിലനിന്ന് മറയുന്ന മഴവില്ലുപോലെ നമ്മുടെ ജീവിതം ലോകത്തിന് സന്തോഷം പകരുന്നതാകണം.
മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ളപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും സമയം ചെലവഴിക്കണം. മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ഇത്തരം അവസരങ്ങളെ ഒരു ഭാഗ്യമായി കരുതിയാല്‍ അത് മറ്റുള്ളവരുടെ ജീവിതത്തില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലും പ്രകാശം പരത്തും. അങ്ങനെ പ്രകാശം പരത്തുന്നവര്‍ എത്രയുണ്ടെന്ന് നോക്കിയിട്ടുണ്ടോ?
ഏതായാലും ഓറഞ്ചിലാണല്ലോ തുടങ്ങിയത്. അമ്മയുടെ പ്രഭാഷണങ്ങളും എഴുത്തുകളും കേള്‍ക്കാനോ വായിക്കാനോ അവസരം കിട്ടാത്ത, അറിയാത്ത ഒരാളുണ്ട് മംഗലാപുരം നഗരത്തില്‍. മൊത്തക്കച്ചവടക്കാരനില്‍ നിന്ന്് ഓറഞ്ചു വാങ്ങി നിത്യ ജീവിതം തള്ളിനീക്കുന്ന ഹജ്ജബ്ബ എന്ന മധ്യവയസ്കന്. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടി അവശനായി വീണുപോയ മനുഷ്യനല്ല. പിന്നെയോ ഏത് പരുക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂര്‍ച്ചയും തന്റെ സ്നേഹസമ്പന്നമായ പെരുമാറ്റവശ്യതകൊണ്ട് മെരുക്കിയെടുക്കുന്ന മനുഷ്യസ്നേഹി.
24 മണിക്കൂറും ജപിക്കുന്നില്ല, ആരാധനാലയങ്ങളുടെ അരികുപറ്റി നടക്കുന്നില്ല. എന്നാല്‍ എന്നും ദൈവത്തിന്റെ കൈയൊപ്പിന് നിറപ്പകിട്ടേകുന്നു അദ്ദേഹം. തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറക്കാനാവാതെ നിസ്സഹായനായിപ്പോയ ആ പാവം ആരെയും പഴിച്ചില്ല. എന്നാല്‍ തന്റെ ഗ്രാമത്തിലെ അടുത്ത തലമുറയ്ക്ക് ആ ഗതികേട് വരരുതെന്ന് ദൃഢനിശ്ചയം ചെയ്തു. അന്നന്നത്തെ അന്നത്തിനു വേണ്ടി ഓറഞ്ചുകുട്ടയും തലയില്‍ പേറി നടന്നുപോകുന്ന മെലിഞ്ഞുകറുത്ത മനുഷ്യനെ നമുക്ക് ദൈവം എന്നുവിളിക്കേണ്ടിവരും.
എന്തുകൊണ്ടെന്നാല്‍ സാമ്പത്തിക മേഖലയുടെ നൂറായിരം കാതം അകലെ നില്ക്കുന്ന ആ മനുഷ്യന്റെ നിസ്തന്ദ്രമായ പ്രവര്‍ത്തനം കൊണ്ട് ന്യൂപദപ്പ് എന്ന ഓണംകേറാമൂലയില്‍ ഒരു സ്കൂള്‍ വന്നു. പേര് ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയര്‍ പ്രൈമറി സ്കൂള്‍.
ഓറഞ്ചു വിറ്റുകിട്ടുന്ന പണത്തില്‍ നിന്ന് സ്വരുക്കൂട്ടി വെച്ച സംഖ്യയാണ് ഈ സ്കൂളിന്റെ അടിത്തറയെന്നറിയുമ്പോള്‍ അറിയാതെ ആ മനുഷ്യന്റെ കാലില്‍ നാം നമിച്ചുപോകും. ഏതൊരു നിശ്ചയദാര്‍ഢ്യക്കാരനെയും മനം മടുപ്പിക്കാന്‍ പോന്ന സാഹചര്യങ്ങളെ തന്റെ അശ്രാന്തപരിശ്രമം കൊണ്ട് നേരിട്ട ഹരേക്കള ഹജ്ജബ്ബയെന്ന മനുഷ്യനെക്കുറിച്ച് കര്‍ണാടക സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
സിഎന്‍എന്‍-ഐബിഎന്നിന്റെ ‘ദ റിയല്‍ ഹീറോ’ അവാര്‍ഡിന് അര്‍ഹനാകുന്നു. അപ്പോഴും ഹജ്ജബ്ബയ്ക്ക് ഒരു പുഞ്ചിരിമാത്രം. പിന്നെയൊരു മന്ത്രണം: ഇനിയും ഒരുപാടുണ്ട് ചെയ്യാന്‍. വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്താത്ത നാട്ടിലെ കുട്ടികള്‍ ഒടുവില്‍ ഒന്നിനും പറ്റാത്തവരാവുന്ന തിരിച്ചറിവില്‍ നിന്നാണ് നാട്ടിലെ സ്കൂള്‍ എന്ന മനോഹര സ്വപ്നത്തിലേക്ക് ഹജ്ജബ്ബ പോകുന്നത്. സകലരും അദ്ദേഹത്തിന് ഭ്രാന്താണെന്നു പറഞ്ഞു; നിരുത്സാഹപ്പെടുത്തി, ഓടിച്ചുവിട്ടു. പക്ഷെ, ഹജ്ജബ്ബ പിന്മാറിയില്ല.
ഒടുവില്‍ അദ്ദേഹത്തിന്റെ വഴിയിലെ പ്രതിബന്ധങ്ങളൊക്കെ പുഷ്പമാല്യങ്ങളായി. ഇപ്പോള്‍ ഹജ്ജബ്ബ നാട്ടുകാര്‍ക്ക് ദൈവമാണ്, പ്രകാശമാണ്. ഒരു തലമുറയെ ഇരുട്ടുവിഴുങ്ങാന്‍ പോകുന്നത് പ്രവാചകനെപ്പോലെ അറിഞ്ഞ ഹജ്ജബ്ബ ഹൃദയത്തില്‍ ഒരു കെടാവിളക്ക് കൊളുത്തിവെച്ചു. ദൈവം അത് കൈനീട്ടിവാങ്ങി. മാലാഖമാര്‍ ആവുന്നത്ര എണ്ണ പകര്‍ന്നു. ഇനി അതേറ്റെടുക്കാന്‍ ഒരു പക്ഷേ, ഒരുപാട് ഹജ്ജബ്ബമാര്‍ ഉണ്ടായേക്കും.
ഹജ്ജബ്ബ എന്ന പ്രകാശം എന്നതലക്കെട്ടില് വിമല്‍ കോട്ടയ്ക്കല്‍ എഴുതിയ ഫീച്ചര്‍ ഒരു തവണയല്ല ഒരുപാടു തവണ നിങ്ങള്‍ വായിച്ചുപോവും. ആ എളിയ മനുഷ്യന്റെ കനിവ് പോലെ ആര്‍ദ്രമാണ് ഫീച്ചറും. അസാധ്യമായതൊന്നുമില്ല എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ആ മെലിഞ്ഞുനീണ്ട മനുഷ്യന്. ഭാര്യയും നാലുകുട്ടികളുമുള്ള അദ്ദേഹം എങ്ങനെയാണ് സ്കൂള്‍ തുടങ്ങാന്‍ കാശുണ്ടാക്കിയത് എന്നതിനെക്കുറിച്ചുള്ള വിവരണത്തിലെ നാലു വരി കണ്ടാലും: നാട്ടില്‍ ഒരു സ്കൂള്‍ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറിയൊഴുകുകയായിരുന്നു.
തന്റെ ചെലവുകള്‍ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോ ദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളില്‍ നിന്ന്് കുറേശ്ശെയായി മിച്ചം പിടിക്കാന്‍ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂണ്‍ 6 ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താന്‍ രക്ഷാധികാരിയായ ഹരേക്കയിലുള്ള ത്വാഹാമസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചു മുറിയില്‍ ഹജ്ജബ്ബ തന്റെ സ്കൂള്‍ തുടങ്ങി. ഗ്രാമത്തിലെ ആദ്യ സ്കൂള്‍ !
ഹജ്ജബ്ബയുടെ ‘പിരാന്ത്’ ഒടുവില്‍ ജനങ്ങള്‍ ശരിക്കും കണ്ടു. അതിന്റെ തീക്ഷ്ണവും സുഖകരവുമായ വഴിയിറമ്പുകളില്‍ മാലാഖമാര്‍ ജനങ്ങള്‍ക്കു നേരെ വാത്സല്യത്തിന്റെ തൊങ്ങലുകള് നീട്ടി. സ്കൂളിന്റെ അംഗീകാരത്തിനും ഹജ്ജബ്ബ ഒരുപാട് വലഞ്ഞു. പലപ്പോഴും കച്ചവടം മുടങ്ങി. ഭാര്യയും മക്കളും ബീഡിപ്പണിക്കുപോയാണ് അടുപ്പില്‍ തീപുകച്ചത്. വീണ്ടും ഫീച്ചറിലേക്ക്. ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്കൂളിന് അംഗീകാരം ലഭിച്ചു. എന്നാല്‍, അതു നിലനില്ക്കണമെങ്കില് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി ഓട്ടം. പല പണക്കാരുടെയും വാതിലുകളില്‍ ഹജ്ജബ്ബ മുട്ടി. കുറെ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാന്‍ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്കൂളിനായി അദ്ദേഹം വാങ്ങി. ആ സ്കൂളിന്റെ പേരാണ് തുടക്കത്തില്‍ സൂചിപ്പിച്ചത്.
സ്വന്തം കുടുംബത്തിനു വേണ്ടി ഇതിനേക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ട ഒരുപാടുപേരെ ഓര്‍ത്തെടുക്കാന്‍ നമുക്കു കഴിയും. എന്നാല്‍ നാടിനുവേണ്ടി, വരാനിരിക്കുന്ന ഒരുപാട് തലമുറകള്‍ക്കുവേണ്ടി ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ എത്രയുണ്ടാകും? ദേവനും മനുഷ്യനും ചേര്‍ന്ന അപൂര്‍വ കൂടിച്ചേരലിന്റെ മൂര്‍ത്തരൂപമാവുന്നു ഹരേക്കളയിലെ ബ്യാരിമുസ്ലിം സമുദായാംഗമായ ഹജ്ജബ്ബ.
ആ കാല്പാദങ്ങളില് ഒന്ന് തൊട്ടു നമസ്കരിക്കാന്‍ തോന്നുന്നില്ലേ? ദ റിയല്‍ ഹീറോ യുടെ അവതാരകനായ അമീര്ഖാന് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെ കൊണ്ടാണ് ഹജ്ജബ്ബയുടെ ജീവിതകഥയ്ക്ക് ആമുഖം പറയിച്ചത്! ഇദംനഃമമ എന്ന സംസ്കാരത്തിന്റെ ഉള്ളറകളിലേക്ക് വാത്സല്യത്തിന്റെ തിരിനാളവുമായി കടന്നുചെല്ലുന്ന ഒരായിരം ഹജ്ജബ്ബമാര്‍ ഉണ്ടാവട്ടെ എന്നാണ് ആശംസിക്കാന്‍ തോന്നുന്നത്. യാദൃച്ഛികമായിരിക്കാം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഹജ്ജബ്ബയുടെ ഫീച്ചര്‍ വന്നതിന്റെ തൊട്ടടുത്ത പേജിലാണ് അമ്മയുടെ സന്ദേശവും അച്ചടിച്ചുവന്നത്.!
തൊട്ടുകൂട്ടാന്‍
ഒരിക്കലെത്തും നിന് പ്രവൃത്തികള്‍ക്കെല്ലാം
കണക്കുചോദിക്കും ദിനമന്നാളിലോ,
നിനക്കുലഭ്യമാം പ്രതിഫലം നിന്റെ
ദിനങ്ങള്‍ തന് കര്‍മ്മഫലങ്ങള്‍ മാത്രമാം !
ദിവാകരന് വിഷ്ണുമംഗലം
കവിത: അതാര്യം
കലാകൗമുദി (മെയ് 24)
പ്രതികരിക്കാൻ ഇവിടെ എഴുതുക: