നാരദര്‍ഷിമുഖാസേവ്യാ മഹാദേവമനോരമാ
പഞ്ചകോശാന്തരപ്രാപ്താ പഞ്ചബ്രഹ്മസ്വരൂപിണി
525. നാരദര്‍ഷിമുഖാസേവ്യാഃ – നാരദന്‍ തുടങ്ങിയ ഋഷിമാരാല്‍ സേവിക്കപ്പെടുന്നവള്‍. ബ്രഹ്മപുത്രനായ നാരദന്‍ ദേവര്‍ഷിമാരില്‍ പ്രമുഖനാണ്. നാരദന്‍ തുടങ്ങിയവര്‍ എന്നുപറയുമ്പോള്‍ സര്‍വജ്ഞരായ സപ്തര്‍ഷികളെപ്പോലുള്ള ഋഷിമാരും ദേവിയെ സേവിക്കുന്നു എന്നു മനസ്സിലാക്കണം. ഫലത്തില്‍ എല്ലാവരാലും സേവിക്കപ്പെടുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.
526. മഹാദേവമനോരമാഃ – മഹാദേവന്റെ മനസ്സിനെ രമിപ്പിക്കുന്നവള്‍. മഹാദേവന്‍ ദേവദേവനായ ശ്രീപരമേശ്വരന്‍ ദേവന്മാരില്‍ ഏറ്റവും മഹാനാകയാല്‍ മഹാദേവന്‍ എന്നുപേര്. കാമങ്ങളെ നിയന്ത്രിക്കുകയും കാമദേവനെ ചുട്ടെരിക്കുകയും ചെയ്തുകൊണ്ട് കാമാരി എന്നു പ്രസിദ്ധനാണു ഭഗവാന്‍. ആ കാമാരിയുടെ മനസ്സിനെ രമിപ്പിക്കുന്ന സൗന്ദര്യവും സൗശീല്യവുമുള്ള ശക്തിസ്വരൂപിണിയാണു ശ്രീപാര്‍വതി. ഭഗവാന്‍ തന്റെ ശരീരത്തിന്റെ പകുതിയായി ദേവിയെ സ്വീകരിക്കത്തക്കവണ്ണം ഭഗവതിയില്‍ മനസ്സ് ആസക്തമായി എന്നു പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
527. പഞ്ചകോശാന്തരപ്രാപ്താഃ – പഞ്ചകോശങ്ങളുടെ ഉള്ളില്‍ സ്ഥിതിചെയ്യുന്നവള്‍. ജീവാത്മാവിനെ ആവരണം ചെയ്യുന്ന അഞ്ചുകോശങ്ങളുണ്ട്. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്ന് അവയ്‌ക്കു പേരുകള്‍. ആത്മാവിനെ ആവരണം ചെയ്യുന്ന അഞ്ചു ഉറകള്‍ എന്നുപറയാം. 1. അന്നമയകോശം- അന്നം കൊണ്ടുണ്ടായ സ്ഥൂലശരീരം. ഇതാണ് ഏറ്റവും ബാഹ്യമായ ആവരണം. 2. പ്രാണമയ കോശം- പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീ പഞ്ചപ്രാണങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ചേര്‍ന്ന കോശം. ഈ കോശത്തിനുള്ളില്‍ വ്യാപരിച്ച് പ്രാണങ്ങള്‍ ശരീരധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. ഇത് രജോഗുണപ്രധാനമാണ്. 3. മനോമയകോശം- ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നുണ്ടായ കോശം. ഇത് സത്വഗുണപ്രധാനമാണ്. പ്രാണമയകോശം ഇതിനെ ആവരണം ചെയ്യുന്നു. ആഗ്രഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ഉറവിടം ഈ കോശമാണ്. 4. വിജ്ഞാനമയകോശം- അരൂപവും സ്‌നിഗ്ധവുമായ ഈ കോശം സംസാരകാരണമാണ്. ഞാനെന്ന ബോധവും കൃത്യാകൃത്യവിവേചനവും ഈ കോശത്തില്‍ നടക്കുന്ന വ്യാപാരങ്ങളാണ്. മനോമയകോശം ഇതിനെ ആവരണം ചെയ്യുന്നു. 5. ആനന്ദമയകോശം- ശരീരത്തിലെ അഞ്ചുകോശങ്ങളില്‍ മുഖ്യം ഇതാണ്. ഈ കോശത്തിനുള്ളില്‍ ജീവാത്മാവു സ്ഥിതിചെയ്യുന്നു. ആനന്ദമായ കോശം തന്നെയാണു കാരണശരീരം. ആത്മാവിന്റെ തമോഗുണപ്രധാനമായ പ്രതിബിംബമാണ് ഈ കോശം. മറ്റു കോശങ്ങളിലൂടെ അരിച്ചിറങ്ങി ജീവാത്മാവിനെ സമീപിക്കുന്ന ആഗ്രഹങ്ങള്‍ നിറവേറുമ്പോഴുണ്ടാകുന്ന ആനന്ദത്തിനു കാരണം ഈ കോശമാണ്. മറ്റു നാലു കോശങ്ങള്‍ക്കും കാരണം ആനന്ദമയകോശമാണ്. ശിരസ്സ്, രണ്ടു ചിറകുകള്‍, വാല്, ശരീരം എന്നിവയുള്ള ഒരു പക്ഷിയുടെ രൂപത്തില്‍ അഞ്ചുകോശങ്ങളെ ഉപനിഷത്തുകളില്‍ അവതരിപ്പിക്കുന്നു. ശക്തിമഹിമ സ്‌തോത്രത്തില്‍ ദുര്‍വാസാവു മഹര്‍ഷി ദേവിയെ പഞ്ചകോശാന്തരസ്ഥയായി വര്‍ണ്ണിക്കുന്നതു നോക്കുക.
ശക്തിമഹിമ സ്‌തോത്രത്തില്‍ ദുര്‍വാസാവു മഹര്‍ഷി ദേവിയെ പഞ്ചകോശാന്തരസ്ഥയായി വര്‍ണ്ണിക്കുന്നതു നോക്കുക.
”അന്നപ്രാണമനഃപ്രബോധ പരമാനന്ദൈഃ ശിരഃ പക്ഷയുക്-
പുച്ഛരാത്മപ്രകടടൈര്‍മഹോപനിഷദാം വാഗ്ഭിഃ പ്രസിദ്ധീകൃതൈ
കോശൈഃ പഞ്ചഭിരേഭിരംബ ഭവതീ മേതത് പ്രലീനാമിതി
ജ്യോതിഃ പ്രജ്ജ്യലദുജ്ജ്വലാത്മ ചപലാം യോ വേദ സ ബ്രഹ്മവിത്”
(ദേവീ, അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാലും ശിരസ്സ്, രണ്ടു ചിറകുകള്‍, വാല്, ശരീരം എന്ന പ്രകടനത്തോടുകൂടി മഹത്തായ ഉപനിഷദ്വാക്യങ്ങളാല്‍ പ്രസിദ്ധീകൃതങ്ങളായ ഈ അഞ്ചുകോശങ്ങളാല്‍ മറഞ്ഞ നിന്തിരിവടിയെ ഉജ്ജലിക്കുന്ന മിന്നല്‍പോലെയെന്ന് അറിയുന്നവന്‍ ബ്രഹ്മജ്ഞാനിയാണ്.
പഞ്ചകോശാന്തരസ്ഥിതാ എന്ന് ലളിതാസഹസ്രനാമവും ദേവിയെ സ്തുതിക്കുന്നു.
… തുടരും
















