ജീവന്‍ തുടിക്കുന്ന ഒരറിവായി യോഗ കൊണ്ടുപോകുവാനാണ് ആഗ്രഹിക്കുന്നത്. അത് വെറുമൊരറിവായിത്തീരുന്ന നിമിഷം തന്നെ അതിനെപ്പറ്റി പുസ്തകങ്ങളെഴുതി പ്രസാധനം ചെയ്താല്‍ ആ പുസ്തകങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളിലെത്തും. പക്ഷേ അറിവ് ആരിലൂമെത്തില്ല. അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരറിവായി വയ്‌ക്കുന്നതും, വെറുമൊരറിവായി വയ്‌ക്കുന്നതും വളരെ വ്യത്യസ്തമാണ്.
നിര്‍ഭാഗ്യവശാല്‍, ആധുനിക വിദ്യാഭ്യാസം മുഴുവന്‍ വെറും അറിവായി മാറിയിരിക്കുകയാണ്. ഒന്നിനും അനുഭവജ്ഞാനത്തിന്റേതായ ഒരു തലമില്ല. ആളുകള്‍ക്കെല്ലാം അറിയാം. പക്ഷേ ഒന്നും അറിയില്ല. മെല്ലെ അവര്‍ ആ സ്ഥിതിയിലെത്തിച്ചേരുകയാണ്. ഈ ലോകത്തും അതിനപ്പുറത്തുമുള്ളതെല്ലാം അവര്‍ക്കറിയാം. പക്ഷേ, തങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്നുപോലും അവര്‍ക്കറിയില്ല. കാലത്തെഴുന്നേറ്റ് ഇറങ്ങിവന്ന് പ്രഭാതം ആസ്വാദിക്കുവാന്‍ അവര്‍ക്കറിയില്ല. അതുപോലുമവര്‍ക്കറിയില്ല.















