കൊച്ചി: അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ കടുത്തചൂഷണത്തിനിരയാകുന്നതായി സ്വകാര്യ വനിതാ സംഘടന നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് വോയ്സ് ആണ് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.ജോലി സ്ഥിരത, മതിയായ വേതനം എന്നിവയില്ലാതെയാണ് ഇത്തരം മേഖലകളില്‍ സ്ത്രീ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നത്.
മിക്കയിടങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ല. ടെക്സ്റ്റൈല്‍ മേഖലയില്‍ ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് നിന്ന് ജോലി ചെയ്യേണ്ടി വരുന്നു. 65 ശതമാനം സ്ത്രീകള്‍ക്കും 6000 രൂപയില്‍ താഴെയാണ് ശമ്പളം. പിഎഫോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. ഉത്സവ സീസണുകളില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു. ഹോസ്പിറ്റല്‍ മേഖലയില്‍ 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
സ്ത്രീകള്‍ ജോലി ചെയ്യുന്ന 78 ശതമാനം സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളിലും ടോയ്ലറ്റ് സൗകര്യം ഇല്ല. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേതനം ലഭിക്കാന്‍ വൈകുന്നു. പെട്രോള്‍ പമ്പ്, ഫിഷറീസ്, തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു. സംഘടനാ ഭാരവാഹികളായ സുലോചന രാമകൃഷ്ണന്, കെ.പ്രസന്ന, പ്രീതി രാജന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: