വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിലെ നിര്‍ധനരായ രോഗികളുടെ ഏക ആശ്രയകേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. 22-ാംവാര്‍ഡ് പങ്കിമലയില് പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ ചികിത്സ തേടി നിത്യേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
ആറ് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് 3 ഡോക്ടര്‍മാര്‍ മാത്രമേയുള്ളൂ. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളൂ. കിടത്തിചികിത്സക്ക് സൗകര്യം ഉണ്ടെങ്കിലും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. എക്സ്റെ ലാബ് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ടെക്നീഷ്യന്മാര് ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്.
രണ്ടര ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി സ്ഥിതിചെയ്യുന്ന ആശുപത്രിക്ക് 40 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. ഒാപ്പറേഷന് തിയറ്റര്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങള്‍ ഒന്നുംതന്നെ സ്ഥാപിച്ചിട്ടില്ല. കിടത്തി ചികിത്സ ഇല്ലാത്തതിനാല്‍ കട്ടിലുകളെല്ലാം തന്നെ തുരുമ്പെടുത്ത് നശിച്ചു. ഡോക്ടര്‍മാര്‍ക്ക് താമസിക്കുന്നതിനുവേണ്ടി നിര്‍മിച്ച ക്വാര്‍ട്ടേഴ്സുകള്‍ കാടുകയറി നശിച്ചുകൊണ്ടിരിക്കുന്നു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി യോഗം ചേരാറില്ല. ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും അത്യാഹിതവിഭാഗം തുടങ്ങണമെന്നും എക്സ്റെ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: