കൊച്ചി: വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോളിങ് ബൂത്തുകളില്‍ സംഘടിപ്പിച്ച ക്യാമ്പുകള്‍ വന്‍ വിജയം. ബൂത്ത് തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിച്ച ബൂത്തുകളില്‍ വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിന് നിരവധി പേരെത്തി. നഗരമേഖലകളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തുകളിലെത്തിയത്. ചില സ്ഥലങ്ങളില്‍ പോളിങ് ദിനത്തിന് തുല്യമായ നീണ്ട നിര തന്നെ രാവിലെ രൂപപ്പെട്ടു.2027 ബൂത്ത് തല ക്യാമ്പുകളാണ് ജില്ലയിലുണ്ടായിരുന്നത്.
ബൂത്ത് തല ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തിച്ച ഫോമുകള്‍ പൂരിപ്പിച്ച് തിരികെ വാങ്ങുന്നതിനാണ് ക്യാമ്പുകളൊരുക്കിയത്. വീടുകളില്‍ ഫോം കിട്ടാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താന്‍ സൗകര്യം ലഭിച്ചു. പുതിയ കളര്‍ഫോട്ടോ ഉള്‍പ്പെടുത്തിയ പ്ലാസ്റ്റിക് കാര്‍ഡ് ആവശ്യമുള്ളവര്‍ പൂരിപ്പിച്ച ഫോമിനൊപ്പം പാസ്പോര്‍ട്ട് സൈസ് കളര്‍ഫോട്ടോയും ക്യാമ്പുകളില്‍ കൈമാറി. ഓണ്‍ലൈനില്‍ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അന്തിമ പരിശോധന നടത്തി ഒപ്പിട്ടു നല്‍കാനും ക്യാമ്പുകള്‍ ഉപകരിച്ചു.
ആധാര്‍ കാര്‍ഡുകളുള്ളവരില്‍ നിന്നും ഇവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ആധാര്‍ കാര്‍ഡില്ലാത്തവരില്‍ നിന്നും മറ്റ് തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകളും ബൂത്ത് തല ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ജനനത്തീയതി പഴയ കാര്‍ഡില്‍ രേഖപ്പെടുത്താത്തവര്‍ക്ക് ഇതു സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കി അപാകത പരിഹരിക്കാനും അവസരം ലഭിച്ചു. ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം തഹസില്‍ദാര്‍മാരും ഉദ്യോഗസ്ഥരും ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: