കരുനാഗപ്പള്ളി: പുതിയകാവ് പഞ്ചായത്ത് പുനര്‍വിഭജിച്ച് മുസ്ലീംഭൂരിപക്ഷ പഞ്ചായത്താക്കാന്‍ നീക്കം നടക്കുന്നതായി സൂചന. മുസ്ലീംലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആനുകൂല്യം മുതലാക്കിയാണ് ഈ നീക്കം നടക്കുന്നത്. വിസ്തൃതിയിലും ജനസാന്ദ്രതയിലും വലിയ പഞ്ചായത്തായിരുന്ന കുലശേഖരപുരം പഞ്ചായത്താണ് ഇപ്പോള്‍ വിഭിച്ച് പുതിയകാവ് പഞ്ചായത്താക്കിയിരിക്കുന്നത്.
കുലശേഖരപുരം പഞ്ചായത്തിലെ മുസ്ലീംസ്വാധീന മേഖലകള്‍ കൂടി ഇതിനോട് കൂട്ടിച്ചേര്‍ക്കാനാണ് ഇപ്പോള്‍ അണിയറനീക്കം നടക്കുന്നത്.വവ്വാക്കാവ് മുതല്‍ പുതിയകാവ് വരെയുള്ള 23 വാര്‍ഡുകള്‍ ചേര്‍ന്ന കുലശേഖരപുരം പഞ്ചായത്തിലെ പന്ത്രണ്ട് വാര്‍ഡ് കുലശേഖരപുരത്തിനും പതിനൊന്ന് വാര്‍ഡ് പുതിയകാവിനുമായി തുറയില്‍ കടവ്- പുത്തന്‍തെരുവ് റോഡ് കാട്ടുംപുറം ഭാഗത്തിന്റെ തെക്കും വടക്കുമായാണ് വിഭജനം നടന്നത്. ഇതേറെക്കുറെ പരാതികള്‍ക്കിട നല്‍കാത്ത വിഭജനമായിരുന്നു. എന്നാല്‍ പുത്തന്‍തെരുവ് മുതല്‍ വടക്കോട്ട് ദേശീയപാതയുടെ കിഴക്കുഭാഗത്തുള്ള സ്റ്റേഡിയം, മണ്ണടിശ്ശേരില്‍ എന്നീ രണ്ടുവാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് വിപുലീകരിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
മുസ്ലീംലീഗ് ഭരണം കയ്യാളുന്ന വകുപ്പില്‍ സമ്മര്‍ദം ചെലുത്തി ലീഗിന്റെ സംസ്ഥാനച്ചുമതലയുള്ള നിലവിലെ പഞ്ചായത്ത് സെക്രട്ടറിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സ്റ്റേഡിയം വാര്‍ഡില്‍നിന്നും ജയിച്ച എസ്ഡിപിഐ മെമ്പറുമാണ് ഈ നീക്കത്തിനു പിന്നിലെന്നാണ് ആരോപണം. കേന്ദ്രഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ കായികവികസനത്തിനായി നിര്‍മ്മിച്ച സ്റ്റേഡിയം പഞ്ചായത്ത് ഓഫീസിനായി ഉപയോഗിക്കാം എന്ന പ്രചാരണമാണിവര്‍ ഇപ്പോള്‍ നടത്തുന്നത്.
കുലശേഖരപുരം പഞ്ചായത്തിലുള്ള കുലശേഖരപുരം, ആദിനാട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഭജനം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ ഇപ്പോഴുള്ള നീക്കം പ്രാവര്‍ത്തികമായാല്‍ അത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തല്‍. ജാതീയവും മതപരവുമായ വേര്‍തിരിവുകള്‍ പ്രദേശത്തെ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശ്കതമാണ്. മുസ്ലീംഭൂരിപക്ഷമേഖലയില്‍ ലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവ് സെക്രട്ടറിയുമായി ഒരു മലപ്പുറം മോഡല്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞു.
അതേസമയം ഈ പ്രശ്നത്തില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. പഞ്ചായത്ത് പുനര്‍വിഭജന നീക്കത്തിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിച്ചിരിക്കുകയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ ഭരണത്തിലുള്ള മേല്‍ക്കൈ ഉപയോഗിച്ച് കാര്യം നേടാനാണ് ലീഗ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: