കൊട്ടാരക്കര: കൊട്ടാരക്കരയിലെ മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മാണം നിലച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തികരിക്കാമെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷസര്ക്കാരിന്റ അവസാനകാലത്ത് കല്ലിട്ട് ആരംഭിച്ച കെട്ടിടനിര്‍മ്മാണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാലം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പൂര്‍ണമായും നിലച്ചത്.
കരാറുകാരന് നല്കാന് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതാണ് നിര്‍മ്മാണം നിലയ്ക്കാന്‍ കാരണം. ഇതോടെ വാടക കെട്ടിടങ്ങളില്‍ വീര്‍പ്പുമുട്ടുന്ന ഇരുപത്തഞ്ചിലധികം സര്‍ക്കാര്‍ ഓഫീസുകളുടെ വാടക ഇനത്തില്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കാലിയാകുന്നത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് വേറെയും.
2011 ഡിസംബറില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു ശിലാസ്ഥാപനം നടത്തിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണ് നിര്‍മ്മാണച്ചുമതല നല്‍കിയിരുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 9.65 കോടിരൂപയാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മ്മാണത്തിനായി അനുവദിച്ചത്. രണ്ടാമതെടുത്ത എസ്റ്റിമേറ്റ് പ്രകാരം പുതുതായി ഒരുനിലകൂടി ചേര്‍ത്ത് രണ്ട് കോടി രൂപാ കൂടി അനുവദിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ താഴത്തെ നിലയില്‍ പാര്‍ക്കിംഗ് ഏരിയയായും താലൂക്ക് ഓഫീസുമായി ഉപയോഗിക്കാം. മുകളിലത്തെ നിലകളില്‍ 23 ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ ഓഫീസുകള്‍ ഇവിടേക്ക് മാറ്റാന്‍ കഴിയുകയുള്ളു. ഉദ്ഘാടനവും കാത്ത് നിരവധി ഓഫീസുകളാണ് കൊട്ടാരക്കരയില്‍ വാടക കെട്ടിടങ്ങളിലും മറ്റുമായി വീര്പ്പമുട്ടുന്നത്. താലൂക്ക് ഓഫീസ് നിലവില്‍ തൃക്കണ്ണമംഗലിലെ കെഐപി വക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, സ്റ്റാറ്റിറ്റിക്സ് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇപ്പോള്‍ വാടകകെട്ടിടത്തില് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: