ചാത്തന്നൂര്‍: മൂന്ന് ദിവസമായി തോരാതെപെയ്യുന്ന മഴയില്‍ ചാത്തന്നൂര്‍ മണ്ഡലത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിലായി. റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, കൃഷികള്‍ നശിച്ചു, മരങ്ങള്‍ വീണ് വൈദ്യുതകമ്പികള്‍ പൊട്ടിയതുമൂലം നാടെങ്ങും ഇരുട്ടിലായി. മഴ വാഹനഗതാഗതത്തെയും സാരമായി ബാധിച്ചു. പല വാഹനങ്ങളും വെള്ളം കയറി പ്രവര്‍ത്തന രഹിതമായി.
മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഇല്ലാതിരുന്നിട്ടും വന്മരങ്ങള് വീണുള്ള അപകടങ്ങളുണ്ടായി. ചാത്തന്നൂര്‍ ദേശീയ പാതയില്‍ ഇന്നലെ രാവിലെ റോഡരികിലെ മരം കടപുഴകി വീണ് ഗതാഗതം സ്തഭിച്ചു. പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. രണ്ടുവാഹനങ്ങള്‍ തലനാരിഴക്കാണ് അപകടത്തില്‍പെടാതെ രക്ഷപെട്ടത്. പാണിയില്‍ ഗുരുമന്ദിരത്തിന് സമീപം കാരംകോട് ചിറകര എന്നിവിടങ്ങളിലും മരം പിഴുതുവീണു.
മീനാട് ഭാഗത്ത് ചാത്തന്നൂര്‍തോട് കരകവിഞ്ഞൊഴുകി. വെള്ളം ഒഴുകി പോകാനാകാത്ത വിധം കുളവാഴയും മാലിന്യവും മൂലം തോട് അടഞ്ഞതാണ് കാരണം. കൃഷിയിടങ്ങളില്‍ വെള്ളം കയറി. കൊട്ടിയം മൈലക്കാട്, കുമ്മല്ലൂര്‍ പാലത്തിന് സമീപം, ചിറക്കര തുടങ്ങിയയിടങ്ങളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. .പരവൂര്‍ നഗരത്തിലും തീരദേശത്തും പെയ്ത മഴയില്‍ മത്സ്യബന്ധന മേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്‍സിപ്പല്‍ അധികാരികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ യാതൊരുവിധ സഹയവും എത്തിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.
മഴയും കാലാവസ്ഥയിലുള്ള മാറ്റവും കാരണം പനിബാധിതരുടെ എണ്ണം ആശുപത്രികളില്‍ വര്‍ദ്ധിക്കുന്നു. മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ പെരുകാനും എലിപ്പനി, കൊതുക് ജന്യരോഗങ്ങള്‍ എന്നിവ പടര്‍ന്ന് പിടിക്കാനിടയുമുണ്ട്. എച്ച്1എന്‍ 1 പനിലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: