ആലുവ: പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്ന് ജനസേവ ശിശുഭവനില്‍ അഭയംതേടി. ബാംഗ്ളൂര്‍ സ്വദേശിനിയായ ശാരദ (22) യാണ് ഭര്‍ത്താവായ കാളപ്പനെ കാണാതായതിനെ തുടര്‍ന്ന് വാടാനപ്പള്ളിയിലെ വാടകവീട്ടില്‍നിന്നും ജനസേവയിലെത്തി. പട്ടിണിമൂലം അവശതയിലായ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ജനസേവയില്‍ എത്തിച്ചത്.
പഴയതുണിത്തരങ്ങള് വീടുകളില്‍നിന്ന് ശേഖരിച്ച് മറിച്ചു വില്‍ക്കുന്ന കര്‍ണ്ണാടക സ്വദേശിയായ കാളപ്പന്‍ ഒരുകൊല്ലംമുമ്പാണ് ഭാര്യയായ ശാരദയേയും കൂട്ടി കേരളത്തിലെത്തി വാടാനപ്പള്ളിയില്‍ താമസമാക്കിയത്. ഒരാഴ്ചമുമ്പ് ജോലിക്കായി പോയ ഭര്‍ത്താവ് പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നില്ലെന്ന് ശാരദ പറഞ്ഞു. ഭര്‍ത്താവ് പോയതോടെ ഭക്ഷണം കഴിക്കാനും വാടക കൊടുക്കാനും ബുദ്ധിമുട്ടിയ ശാരദ അയല്‍ വീട്ടുകാരുടെ സഹായത്താലാണ് കുറച്ചുദിവസം കഴിഞ്ഞുകൂടിയത്. നാട്ടുകാരുടെ സഹായത്തോടെ ജനസേവ ശിശുഭവനിലെത്തിയ ശാരദ ബാംഗ്ളൂരിലുള്ള ഭര്‍ത്താവിനേയും ബന്ധുക്കളേയും കാത്ത് ഒരാഴ്ചയായി ജനസേവയില്‍ കഴിയുകയാണ്.
ബാംഗ്ളൂരിലുള്ള ഭര്‍ത്താവിനേയോ ബന്ധുക്കളെയോ കണ്ടെത്തുന്നതുവരെ ശാരദക്ക് ജനസേവ ശിശുഭവനില്‍ സംരക്ഷണം നല്‍കുമെന്ന് ജനസേവ ശിശുഭവന് പ്രസിഡന്റ് ഡോ. എം.പി. തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: