കൊച്ചി: മതിയായ അനേ്വഷണം നടത്താതെയും ആവശ്യമായ വിവരങ്ങള്‍ സ്റ്റേഷന് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും ഒരാളെ 48 മണിക്കൂറിലധികം സ്റ്റേഷനില്‍ സൂക്ഷിച്ചതിന് സബ് ഇന്‍സ്പെക്ടര്‍ അനന്തലാല്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
മൂന്നു മാസത്തിനകം അനന്തലാല്‍ തുക പരാതിക്കാരനായ കളമശ്ശേരി വളമംഗലം വീട്ടില്‍ സജി ഈപ്പന് എന്നു വിളിക്കുന്ന മാത്യൂ ഈപ്പന് നല്‍കണം. ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് നല്കിയ ശേഷം അനന്തലാലിന്റെ ശമ്പളത്തില്‍ നിന്നും ഗഡുക്കളായി ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനന്തലാലിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ അനേ്വഷണവിഭാഗം നടത്തിയ അനേ്വഷണത്തിലും കേസില്‍ അനന്തലാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന കളമശ്ശേരി വളമംഗലം വീട്ടില്‍ മാത്യു ഈപ്പനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് ഉത്തരവ്. രണ്ട് കമ്പ്യൂട്ടര്‍ കമ്പനികള്‍ തമ്മില്‍ നടന്ന സാമ്പത്തിക ഇടപെടലില്‍ ഉണ്ടായ ചെക്ക് കേസിലാണ് പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്.
2012 ഒക്ടോബര്‍ 16 ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനന്തലാല്‍ തന്നെ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 18 വരെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി മാത്യു ഈപ്പന് കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 18 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് വാദിച്ചു. തുടര്‍ന്ന് 2012 ഒക്ടോബര്‍ 16 മുതല്‍ 18 വരെ അറസ്റ്റ് രേഖപ്പെടുത്തിയ ഒറിജിനല്‍ രജിസ്റ്റര്‍ ഹാജരാക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടു.
2014 സെപ്റ്റംബര്‍ 10 ന് എറണാകുളത്ത് നടന്ന സിറ്റിങ്ങില്‍ ഹാജരാക്കിയ രജിസ്റ്ററില്‍ ഒക്ടോബര്‍ 16 ന് ശേഷമുള്ള ഒരു പേജ് കീറി കളഞ്ഞതായി കമ്മീഷന് കണ്ടെത്തി. രജിസ്റ്റര്‍ ശരിയായ രീതിയിലല്ല എഴുതുന്നതെന്നും സമയങ്ങള്‍ക്കും ദിവസങ്ങള്‍ക്കുമിടയില്‍ സ്ഥലം വിട്ടിട്ടുണ്ടെന്നും കമ്മീഷന് കണ്ടെത്തി.
പനമ്പള്ളി നഗറില്‍ ഉണ്ടായ സംഭവത്തില്‍ എസ്ഐ അനന്തലാല്‍ പരാതിക്കാരനെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കൊണ്ടുവന്നതിന് മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. മാത്യു ഈപ്പന് ഉള്‍പ്പെട്ട സാമ്പത്തിക തര്‍ക്കത്തില്‍ പോലീസ് എന്തിനാണ് ഇടപെട്ടതെന്നും കമ്മീഷന് ആരാഞ്ഞു. അനന്തലാല്‍ തന്റെ ഔദേ്യാഗിക പദവി ദുരുപയോഗം ചെയ്തതായും കമ്മീഷന് കണ്ടെത്തി. തന്നെ കസ്റ്റഡിയിലെടുത്തതില്‍ മനംനൊന്ത് തന്റെ പിതാവ് മരിച്ചതായി മാത്യൂ ഈപ്പന് പരാതിയില്‍ പറയുന്നു.
ഉത്തരവ് സംസ്ഥാന, ജില്ലാ പോലീസ് മേധാവികള്‍ക്ക് അയച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: