മരട്: സാമുദായികാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ പാദസ്പര്‍ശമേറ്റ 1921 നമ്പര്‍ മരട് എന്‍എസ്എസ് കരയോഗം അറുപതാം വാര്‍ഷികാഘോഷങ്ങളിലേക്ക് കടക്കുന്നു. 60 വര്‍ഷമായി വാര്‍ദ്ധക്യകാല പെന്ഷന്, വിദ്യാഭ്യാസ സഹായങ്ങള്‍, ചികിത്സാ സഹായങ്ങള്‍ എന്നീ സേവനപ്രവര്‍ത്തനങ്ങളും നല്‍കിവരുന്നുണ്ട്.
സമുദായ സേവനത്തോടൊപ്പം സമാജസേവനം എന്ന ആശയം ഉള്‍ക്കൊണ്ട് ചികിത്സാ ക്യാമ്പുകളും, തിമിര ശസ്ത്രക്രിയാ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നിരവധി പേര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തി കൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അനുമോദനങ്ങളും സഹായങ്ങളും നല്കി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മരിച്ചഅംഗങ്ങളുടെ സ്മരണാര്‍ത്ഥം നല്‍കിയിട്ടുള്ള എന്‍ഡോവ്മെന്റുകളാണ് സേവന പ്രവര്‍ത്തനങ്ങളുടെ മുഖ്യ സ്രോതസ്സ്.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംഘം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയിലും ഉയര്‍ന്ന ഗുണനിലവാരത്തിലും സമൂഹത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികളുടെ സാംസ്കാരിക നവോത്ഥാനത്തിന് ആക്കം കൂട്ടാന്‍ ആദ്ധ്യാത്മിക പഠന കേന്ദ്രവും ആരംഭിച്ചു.
അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്നു വൈകീട്ട് 3 മണിക്ക് വാഹനറാലി നടക്കും. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള കരയോഗം മന്ദിരത്തിനു സമീപത്തു നിന്നും തുടങ്ങുന്ന സാമുദായികാചാര്യന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള റാലി മരട്, കുണ്ടന്നൂര്‍ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കരയോഗത്തില്‍ തിരിച്ചെത്തും. 60 സന്നദ്ധസേവാ അംഗങ്ങള്‍ റാലിയെ അനുഗമിക്കും. വിവിധ യൂണിറ്റുകള്‍ സ്വീകരണം നല്‍കും.
നാളെ രാവിലെ 9ന് കരയോഗം പ്രസിഡന്റ് പതാക ഉയര്‍ത്തും. 9.30ന് വാര്‍ഷിക പൊതുയോഗം. വൈകീട്ട് 4ന് മരട് ശ്രീദേവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന കുടുംബസംഗമം എന്‍എസ്എസ് നായക സഭാംഗം എം.എം. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. സ്വയംസഹായ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പ്പന, കലാസന്ധ്യ എന്നിവയുണ്ടാകും. ടി.കെ. ഗംഗാധരന്, കെ.ബി. മധുസൂദനന്, ലക്ഷ്മിമേനോന്‍, കെ.ജി. ഇന്ദുകലാധരന്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: