കൊച്ചി: കലൂര്‍ ജംഗ്ഷന് മുതല്‍ ദേശാഭിമാനി വരെയുള്ള പ്രദേശങ്ങളിലെ വ്യാപാരികളുടെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കുമ്പോള്‍ ഭൂമിയുടെ വിലയും കടകള്‍ പൊളിച്ചുനീക്കിയപ്പോള്‍ നഷ്ടപരിഹാരമായി ലഭിക്കേണ്ട പാക്കേജും ലഭിച്ചില്ല.
കെഎംആര്‍എല്‍ ഏറ്റെടുത്ത സ്ഥലത്തില്‍ പുറമ്പോക്കു കൂടി ഉള്‍പ്പെടുന്നു എന്ന മുടന്തന്‍ ന്യായം പറഞ്ഞത് സ്ഥലത്തിന്റെ വിലയും വ്യാപാരികള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരവും പാക്കേജും തരാതെ വ്യാപാരികളെ വഴിയാധാരമാക്കുകയാണ് ചെയ്യുന്നത്.
കെഎംആര്‍എല്‍ പുറമ്പോക്ക് എന്ന പേരില്‍ പണം നല്‍കാതെ ബലമായി ഏറ്റെടുത്തിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വ്യാപാരികള്‍ 50 വര്‍ഷത്തോളമായി കരം അടക്കുകയും കൈവശം വയ്ക്കുകയും ചെയ്ത ഭൂമിയാണ്. 2015 ല്‍ എല്ലാവരും പോക്കുവരവ് നടത്തുകയും വില്ലേജാഫീസില്നിന്നും പൊസിഷന്‍ സര്‍ട്ടിഫിക്കറ്റും ലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുള്ളതുമായ ഭൂമിയാണ്. 1940 മുതല്‍ കൈവശഭൂമിയുടെ രേഖകള്‍ ഉള്ളവരും കൂട്ടത്തിലുണ്ട്.
കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടനെ ലഭിക്കും എന്നുപറയുന്നതല്ലാതെ ഒരു തീരുമാനവും ഇതുവരെ ആയില്ല. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ സമിതിക്കും പരാതി നല്‍കിയിട്ടുണ്ട്. കെട്ടിട ഉടമകളില്‍ മൂന്ന് പേര് കോടതിയേയും സമീപിച്ചിട്ടുണ്ട്.
കലൂര്‍ മര്‍ച്ചന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെ ന്യായമായ നഷ്ടപരിഹാരവും ഭൂമിയുടെ വിലയും നേടിയെടുക്കുന്നതിന് ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്കാന് തീരുമാനിച്ചു. ഇതിനായി ജൂണ്‍ ആദ്യവാരം പൊതുയോഗം നടത്തുമെന്നു സെക്രട്ടറി കെ.എ.മുഹമ്മദാലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: