മൂവാറ്റുപുഴ: ശബരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എംപിമാരെ മുന്‍നിര്‍ത്തി ജനമുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നതിന് പിന്നില്‍ കേന്ദ്രവിരുദ്ധ സമരവും വരാന്‍പോകുന്ന തെരഞ്ഞെടുപ്പുമാണ് സമരത്തിന് നേതൃത്വം നല്കുന്ന സിപിഎം, സിപിഐ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ന് മുതല്‍ 19വരെ നീണ്ടുനില്‍ക്കുന്ന സമരമാണ് ജോയ്സ്ജോര്‍ജ്ജ് എംപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കരിങ്കുന്നം മുതല്‍ കാലടിവരെയാണ് ജനകിയമാര്ച്ച് എന്ന പേരില്‍ ഇടതുപക്ഷത്തെ രണ്ട് പ്രമുഖ മുന്നണികള്‍ കൂട്ടുചേരുന്നത്. പാതയ്ക്ക് വേണ്ടി സ്ഥലം വിട്ടുനല്കുന്നവര്ക്ക്വേണ്ടിയും പാത പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
115കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പാത. എറണാകുളം-ഇടുക്കി-കോട്ടയം-പത്തനംതിട്ട ബന്ധപ്പെട്ട് കടന്നുപോകുന്ന പാതയുടെ നിര്‍മ്മാണം മുരടിച്ചതിന്റെ യഥാര്‍ത്ഥ വസ്തുകള്‍ മറച്ചുവച്ചാണ് സ്ഥലവാസികളുടെ പേരില്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഇടത് എംപിമാര്‍ നേതൃത്വം കൊടുക്കുന്ന സമരം റെയില്‍വേ ബോര്‍ഡിനേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരേ സമയം കേന്ദ്രത്തെയും റെയില്‍വേയേയും കുറ്റംപറയുകയും ഇതില്‍ നിന്നും മുതലെടുത്ത് ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും വരും വര്‍ഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് ഹൈറേഞ്ച് കവാടമായ കിഴക്കന്‍മേഖലയില്‍ നിന്നും സമരത്തിന് തുടക്കമിട്ടിരിക്കുന്നത്.
സമരത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മും, സിപിഐയും യുപിഎ ഭരണത്തില്‍ ആദ്യത്തെ അഞ്ച് വര്‍ഷം പിന്താങ്ങിയവരും സംസ്ഥാനം ഭരിച്ചവരുമാണ്. ഇതേ കാലയളവില്‍ സ്ഥലം നല്‍കിയവരുടെ പണം വാങ്ങി നല്കുവാനോ ഇവരുടെ കണ്ണുനീര് തുടയ്ക്കുവാനോ ഇവര്‍ മുന്നോട്ട് വന്നിരുന്നില്ല. പത്ത് വര്‍ഷം യുപിഎ ഭരിച്ചിട്ടും ഇവര്‍ക്കെതിരെ ജനകീയസമരം സംഘടിപ്പിക്കുവാന്‍ മുന്നോട്ട് വരാതെ ശബരിപാത ആക്ഷന്‍ കൗണ്‍സിലിന്റെ പേരില്‍ വല്ലപ്പോഴും യോഗം വിളിക്കുന്ന ചടങ്ങുമാത്രം നടത്തിയിരുന്നത്.
എന്നാല്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തതോടെ ഏതുവിധേനയും കേന്ദ്രവിരുദ്ധസമരം സംഘടിപ്പിക്കുകയെന്ന ലക്ഷ്യമാണ് നടപ്പാക്കിവരുന്നത്. 1998ല്‍ 517കോടി രൂപയാണ് ബജറ്റില്‍ വകകൊള്ളിച്ച് പദ്ധതി ആരംഭിച്ചത്. ഇന്ന് 1600കോടി ചെലവുപ്രതീക്ഷിക്കുന്ന ബജറ്റായി ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര റെയില്‍വേ ബോര്‍ഡ് ശബരിപാത പൂര്‍ത്തിയാക്കുന്നതിന് മുന്നോട്ട് വന്നെങ്കിലും പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ രാഷ്ട്രീയ ഇടപെടലും സ്ഥലം ഏറ്റെടുത്തുനല്കുന്ന കാര്യത്തില്‍ മുന്‍ ഇടത് സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും താത്പര്യം കാണിക്കാതെ തടസ്സം നിന്നു.
പുതിയ നയം അനുസരിച്ച് പാത പൂര്‍ത്തിയാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിന്റെ പകുതി തുക വഹിക്കണമെന്ന് റെയില്‍വേ ബോര്‍ഡും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടിട്ടും അതിന് വ്യക്തമായ നടപടിയോ തീരുമാനോ ഇതുവരെയും എടുത്തിട്ടില്ല. ഇരുമുന്നണികളും ശബരിപാതയുടെ കാര്യത്തില്‍ ഒരേനയമാണ് സ്വീകരിച്ചിട്ടുള്ളത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പാത വാജ്പേയ് സര്‍ക്കാരാണ് കൊണ്ടുവന്നത്. അന്ന് മുതല്‍ ഇന്നുവരെ പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സം നിന്നതും ഇരുമുന്നണികളാണ്.
ഇതെല്ലാം മറച്ചുവച്ചാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നും കല്ലിട്ട പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുത്ത് പണം നല്‍കണമെന്നും സ്ഥലവാസികളുടെ ദുരിതം കേന്ദ്രസര്‍ക്കാരും റെയില്‍വേ ബോര്‍ഡും മനസിലാക്കണമെന്നുമാണ് ജനകീയ സമരം സംഘടിപ്പിക്കുന്നവരുടെ ആവശ്യം.
ജോയ്സ്ജോര്‍ജ്ജ് എംപിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. എംപിയായതിന് ശേഷം കഴിഞ്ഞ ഒരു വര്ഷത്തിനിടെപോലും റെയില്‍വേ പാത കടന്നുപോകുന്ന പ്രദേശങ്ങള്‍ സന്ദര്ശിക്കുവാനോ, സ്ഥലവാസികളുടെ പ്രശ്നങ്ങള്‍ കണ്ട് മനസിലാക്കാനോ തയ്യാറായിട്ടില്ല. മൂവാറ്റുപുഴക്കാര്ക്കുപോലും എംപിയെ കാണാന്‍ ഇടത്പക്ഷ പാര്‍ട്ടി ഓഫീസില്‍ അന്വേഷിക്കേണ്ട ഗതികേടാണ്. എംപിക്കായി മൂവാറ്റുപുഴയില്‍ ഓഫീസോ മറ്റ് സൗകര്യങ്ങളോ ഇതുവരെയും ഏര്പ്പെടുത്തിയിട്ടുല്ല.
മൂവാറ്റുപുഴയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ എംപിയുടെ പേരുണ്ട്. എന്നാല്‍, ചുരുക്കം ചില പരിപാടികളില്‍ മുഖം കാണിച്ച് മടങ്ങുകയാണ് എംപി ചെയ്തുവരുന്നത്. എന്നാല്‍ ശബരിപാതയുടെ പേരില്‍ സമരമുഖമുയര്ത്തിയതോടെ എംപിയുടെ ഫോട്ടോ അടങ്ങിയ ഫ്ളെക്സ് ബോര്‍ഡുകള്‍ കരിങ്കുന്നം മുതല്‍ കാലടി വരെ നിരന്നിട്ടുണ്ട്. ഈ പ്രചരണത്തിനായി ലക്ഷങ്ങളാണ് ചെലവാക്കുന്നത്. ഇതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തിയെന്ന് സംശയം ഉളവാക്കുന്നുണ്ട്. എംപിക്ക് വരുന്ന വിദേശഫണ്ടുകളെ ക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ എംപിയായ പി.ടി.തോമസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുംകൂട്ടി വായിക്കുമ്പോള്‍ കേന്ദ്ര വിരുദ്ധ സമരത്തിനു വേണ്ടി ശബരിപാതയെ മുന്‍നിര്‍ത്തി നടത്തുന്ന ഈ സമരം ദുരുദ്ദേശപരമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: