പള്ളിക്കത്തോട്: അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഗ്യാസ് സിലണ്ടറുകള്‍ പോലീസ് പിടിച്ചെടുത്തു. പാലാ, കടനാട് സ്വദേശി കടുതോട് വീട്ടില്‍ സുജോയി ചെറിയാനെ പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ കറുകച്ചാലിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഏജന്‍സിയില്‍ നിന്നും അനധികൃതമായി വാങ്ങിക്കൊണ്ടുവന്ന ഗ്യാസ് നിറച്ച 25 സിലണ്ടറുകളാണ് പള്ളിക്കത്തോട് പോലീസ് പിടിച്ചെടുത്തത്. അവശ്യവസ്തു നിയമമനുസരിച്ച് പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 7.15ഓടെയാണ് സംഭവം. പള്ളിക്കത്തോട് മുക്കാലിക്ക് സമീപം മന്ദിരം കവലയില്‍ പോലീസ് പരിശോധനയില്‍ രേഖകളില്ലാത്തതിനെതുടര്ന്ന് സിലണ്ടര്‍ കയറ്റിവന്ന വാന്‍ പിടിച്ചെടുക്കുകയായിരുന്നു. കറുകച്ചാലില്‍ ഉള്ള ഗ്യാസ് ഏജന്‍സിയില്‍ നിന്നും വാങ്ങിയ സിലണ്ടറുകളാണ് പിടിച്ചെടുത്തതെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരുന്നതായും പോലീസ് പറഞ്ഞു.
സുജോയിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. പൊന്‍കുന്നം സി.ഐ. ആര്. ജോസ്, പള്ളിക്കത്തോട് എസ്.ഐ. കെ.കെ. രമേശന് എന്നിവരടങ്ങുന്ന സംഘമാണ് ഗ്യാസ് സിലണ്ടര്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: