509. ജപാരുണാ – ജപാ പുഷ്പംപോലെ അരുണവര്‍ണയായവള്‍. ജപാപുഷ്പം ചെമ്പരത്തിപ്പൂവ്. ദേവിയുടെ ശരീരവും വസ്ത്രവും ചെമ്പരത്തിപ്പൂവിന്റെ നിറമുള്ളതായും ആ അരുണകാന്തിയില്‍ ലോകമാകെ അരുണവര്‍ണമാകുന്നതായും ധ്യാനിക്കുന്നവര്‍ സര്‍വാരാധ്യരായിത്തീരുമെന്ന് ശാക്തേയതന്ത്രങ്ങള്‍.
510. ജപപ്രീതാ – ജപം കൊണ്ടു പ്രീതയാകുന്നവള്‍. ദേവീ ദേവന്മാരുടെ നാമങ്ങളോ മന്ത്രങ്ങളോ സ്‌തോത്രങ്ങളോ ശബ്ദമുയര്‍ത്താതെ ആവര്‍ത്തിച്ചുച്ചരിക്കുന്നതാണു ജപം. ചുണ്ടും നാവും ജപത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സ് ആരാധ്യ ചൈതന്യത്തിന്റെ വിഭൂതികളിലും കാരുണ്യത്തിലും വ്യാപരിക്കുകയായിരിക്കും. ഭക്തര്‍ തന്റെ നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നതു ദേവിയെ പ്രീതിപ്പെടുത്തും.
511. ജനനീ – ജന്മം തന്നവള്‍, ജനിപ്പിച്ചവള്‍, അമ്മ. ദേവി സര്‍വലോകത്തിനും അമ്മയാണ്. ജന്മം തരുകയും വാത്സല്യത്തോടെ വളര്‍ത്തുകയും നന്മയും തിന്മയും വേര്‍തിരിച്ചറിയാനും നല്ലകാര്യങ്ങള്‍ ചെയ്യാനും പഠിപ്പിക്കുകയും ചെയ്യുന്ന ലോകമാതാവാണു മൂകാംബികാദേവി.
… തുടരും
















