അണയാതെ കത്തുന്ന മീനാംബരങ്ങളില് നിന്ന് കവിതയുടെ മേഘം പെയ്യുകയാണ്. അഗ്നിപരീക്ഷകളില്‍ നിന്ന് ഒരു പാകപ്പെടല്‍. തന്റെ ഔദ്യോഗിക ജീവിതത്തിരക്കിലും ഒരുപിടി കവിതകളുടെ സൃഷ്ടാവ് ആവുകയാണ് കൊല്ലം ജില്ലയില്‍ സാമൂഹ്യനീതിവകുപ്പില്‍ സംയോജിത ശിശുവികസന പദ്ധതി ഓഫീസറായി പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി ആലുംകടവ് സായീവരത്തില് മീനാ ശൂരനാട്.
സാമൂഹിക വീക്ഷണം പേനയിലൂടെയും പേപ്പറിലൂടെയും സമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന ഈ കവിമനസിനു പറയാനുള്ളത് ഒരുപാട് കാര്യങ്ങള്‍. കുട്ടിക്കാലം മുതല്‍ കവിതയെഴുത്ത് തുടങ്ങിയതാണ്. കൈയില്‍ കിട്ടുന്ന പേപ്പറില്‍ കവിതകള്‍ കുറിച്ച് തുടങ്ങിയ ബാല്യകാലം. ഗൃഹാന്തരീക്ഷവും അച്ഛന്റെ പ്രേരണയും പൂര്വികന്മാരുടെ ഓര്‍മ്മപ്പെടുത്തലും മീനയ്ക്കു കവിതയെഴുതുന്നതിനുള്ള പ്രേരണയായി.
സ്കൂള്ജീവിതകാലത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ അന്നത്തെ ആ കൊച്ചുകുട്ടി പിന്നീട് വിദ്യാഭ്യാസ പഠനകാലം മുഴുവന്‍ കവിതയെഴുത്ത് തുടര്‍ന്നു. ഇരവിച്ചിറ, ശൂരനാട് സ്കൂളുകളിലും ദേവസ്വംബോര്‍ഡ് കോളേജ് ശാസ്താംകോട്ട, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, എസ്ബി കോളേജ് ചങ്ങനാശ്ശേരി, കര്‍മ്മലാറാണി അധ്യാപക ട്രെയിനിങ് കോളേജ് കൊല്ലം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നുണ്ട് മീനാകുമാരിയുടെ കവിതകള്‍.
സാമൂഹിക വീക്ഷണവും പ്രണയവും ഉള്‍പ്പെടുത്തി നഷ്ടമഴ എന്ന ആദ്യ കവിതാസമാഹാരം പുറത്തിറക്കിയപ്പോള്‍ മീനാ ശൂരനാട് കൂടുതല്‍ അറിയപ്പെട്ടു. രചന മാത്രമല്ല കവിതകള്‍ ചൊല്ലാനുമുള്ള മീനാകുമാരിയുടെ കഴിവ് കാട്ടിത്തരുന്നതാണ് സ്നേഹമീനാംബരങ്ങള് എന്ന ഓഡിയോ സിഡി.
നിവേദിതയുടെ നേര്കാഴ്ചകള് എന്ന കവിതയിലെ ഓരോ പകര്‍പ്പുകളും ഇന്നത്തെ സാമൂഹികാന്തരീക്ഷം എടുത്തുകാട്ടാന്‍ കവയത്രി മറന്നില്ലായെന്നതും ശ്രദ്ധേയമാണ്. അമ്മമാരെ ഉപേഷിക്കുന്ന മക്കളുടെ കഥ പറഞ്ഞ അമ്മ മനസ് എന്ന കവിതയ്ക്കു 2013ലെ സര്ഗപുരസ്കാരം ലഭിച്ചു. 2015ലെ കൊല്ലം സിറ്റിപോലീസ് ജില്ലയില്‍ ഉടനീളമുള്ള സ്കൂളുകളിലും കോളേജുകളിലുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിക്ക് മീനാകുമാരിയുടെ കവിതകളാണ് ഓഡിയോ ആയി അവതരിപ്പിച്ചത്.
പുതുതലമുറ കവിതാരചനയിലേക്ക് എത്തുന്നില്ലായെന്ന് മീനാകുമാരി പറയുന്നു. കാരണം അവര്‍ക്ക് കവിതകള്‍ രചിക്കുവാനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ലഭ്യമാകുന്നില്ലായെന്നാണ് മീനയുടെ അഭിപ്രായം. ജീവിതത്തിരക്കിന്റെ ഇടയില്‍ കിട്ടുന്ന ഇത്തിരി സമയം ഇതിനായി മാത്രമാണ് മീനാകുമാരി ചെലവാക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ അച്ഛനാണെങ്കില്‍ ഇന്ന് ഭര്‍ത്താവായ ശ്രീകുമാറാണ് കവിതാ രചനയില്‍ തന്റെ പ്രേരണയെന്ന് അവര്‍ പറയുന്നു. നന്മയുടെ ലോകത്തേക്ക് ഇന്നത്തെ സമൂഹത്തെ കൊണ്ടെത്തിക്കുവാന്‍ തന്റെ കവിതകള്‍ക്ക് സാധിക്കട്ടെ എന്നാണ് മീനാകുമാരിയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: