ചങ്ങനാശേരി: ഗോതമ്പ് മാലിന്യം റോഡരികില്‍ കൂട്ടിയിടുന്നത് സമീപവാസികള്‍ക്ക് ദുരിതമാകുന്നു. കണ്ണവട്ടയില്നിന്ന് മണ്ണാത്തിപ്പാറയിലേക്കു പോവുന്ന പഞ്ചായത്ത് പൊതുവഴിയിലാണ് സംഭവം. മൈദ ഫാക്ടറികളില്‍ നിന്ന് കൊണ്ടുവരുന്ന ഗോതമ്പ് മാലിന്യം റോഡരികില്‍ വാഹനങ്ങളിലെത്തിച്ച് തള്ളുകയാണ ്്പതിവ്. പാടശേഖരത്തോട് ചേര്‍ന്നുകിടക്കുന്ന ഈ ഭാഗത്ത് പാടത്തുനിന്ന് വെളളം വഴിയിലേക്ക് കയറിക്കിടക്കുന്നതിനാല്‍ ചാക്കു പൊട്ടി വെള്ളത്തില്‍ കലങ്ങി കാല് നടക്കാര്‍ക്ക് നടക്കുവാന്‍ പറ്റാത്ത രീതിയിലായിരിക്കുകയാണ്.
പുഴുവരിക്കുന്ന ഗോതമ്പ് മാലിന്യം പുഴുക്കളും മറ്റുമുളള ഈ മലിനജലത്തില്‍ ചവിട്ടി വേണം മുപ്പതോളം വീട്ടുകാര്‍ സഞ്ചരിക്കേണ്ടത്. വിദ്യാര്‍ഥികളെ മാതാപിതാക്കള്‍ എടുത്താണ് വെളളക്കെട്ടിനപ്പുറം കടത്തുന്നത്. മലിനജലത്തില്‍ ചവിട്ടി പ്രദേശവാസികള്‍ക്ക് ചൊറിച്ചിലും മറ്റ് ത്വക്ക് രോഗങ്ങളും അനുഭവപ്പെടുന്നതായും പറയുന്നു. ഇതിനോടുചേര്‍ന്നാണ് വാഴപ്പളളി പഞ്ചായത്ത് കുടിവെളളസ്രോതസ്സുളളത്. മലിനജലം ഈ കുടിവെളള സ്രോതസ്സിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഗോതമ്പ് മാലിന്യത്തില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം കാരണം ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതു സംബന്ധിച്ച് നാട്ടുകാര്‍ വാഴപ്പളളി പഞ്ചായത്തിലും ചങ്ങനാശേരി പോലീസിനും പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് അധികൃതരും പോലീസും സ്ഥലത്തെത്തി മാലിന്യം നീക്കണമെന്ന് നിര്‍ദേശിച്ചിട്ടും നടപടിയില്ല. അടിയന്തരപമായി പ്രശ്നപരിഹാരം കണ്ടില്ലെങ്കില്‍ പ്രത്യക്ഷസമരപരിപാടികള് നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: