പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ടൗണിലെ സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലറിന് എന്‍ഒസി നല്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് ഉപരോധസമരം സംഘടിപ്പിച്ചത്. രാവിലെ പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകര്‍ ഓഫീസ് തുറക്കാന്‍ അനുവദിച്ചില്ല. ബാറുടമയില്‍ നിന്നു ലക്ഷങ്ങള്‍ കോഴ വാങ്ങി ബീയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ്പ്രകാശ് അനുമതി നല്‍കിയതായി അംഗങ്ങള്‍ ആരോപിക്കുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലും ഭരണസമിതിയിലും പ്രസിഡന്റിന്റെ രാജി ആവശ്യം ശക്തമാണ്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഒത്താശ ചെയ്തതായും പരാതിയുണ്ട്. കുന്നിക്കോടു ശാസ്ത്രി ജംഗ്ഷനില്‍ സ്വകാര്യ ബാറിനാണു ഗ്രാമപഞ്ചായത്തു സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങി അനുമതി നല്‍കിയെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതു സംബന്ധിച്ച് ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നു വരികയായിരുന്നു. പഞ്ചായത്ത് ഭരണസമിതിയില്‍ കുന്നിക്കോട്ടെ ബാറിനോ ബിയര്‍, വൈന്‍ പാര്‍ലറിനോ അനുമതി നല്‍കേണ്ട എന്ന തീരുമാനവും നേരത്തേ എടുത്തിരുന്നു.‘
ഭരണസമിതിയുടെ തീരുമാനങ്ങളെ മറികടന്ന് ബാര്‍ തുറക്കാന്‍ പ്രസിഡന്റ് അനുകൂലമായ റിപ്പോര്‍ട്ട് നല്കുകയായിരുന്നുവത്രെ. പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പ്രതിനിധികളും ബാറുടമയില്‍ നിന്നും പണം കൈപ്പറ്റിയതായും ആരോപണമുണ്ട്. അതിനിടയില്‍ തന്നെ വെള്ളിയാഴ്ച ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങി. തിങ്കളാഴ്ച ഭരണപക്ഷാംഗങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിയെ തടയാനും എത്തിയിരുന്നു.
ഓഫീസിനു മുന്നിലിരുന്ന് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പത്തനാപുരം സിഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. പ്രസിഡന്റ് രാജിവയ്ക്കാത്തപക്ഷം ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: