മാന്നാര്‍: കോണ്‍ഗ്രസുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായി അയോഗ്യനാക്കിയയാളെ കോണ്‍ഗ്രസ് പാനലില്‍ മത്സരിപ്പിക്കുന്നു. ഇതിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചു.
മാന്നാര്‍ കുട്ടംമ്പേരൂര്‍ 611-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളെ നോക്കുകുത്തിയാക്കി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന നേതാവിന്റെ നേതൃത്വത്തില്‍ മത്സരിക്കുന്ന പാനലില്‍ വിവാദ നായകന് കടന്നുകൂടിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന കുട്ടമ്പേരൂര്‍ എ 185 ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ 1993 മുതല്‍ 2004 വരെയുള്ള കാലയളവില്‍ പ്രസിഡന്റായിരിക്കെ സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രതിയായ നേതാവിനെതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറിയുമായി ചേര്‍ന്ന് 9,53,000 രൂപയുടെ ക്രമക്കേടുകള്‍ നടത്തിയെന്നാണ് ആരോപണം. ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെയും തത്സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ നല്കിയ പരാതിയില്‍ കേസെടുക്കുകയും കേസ് ഇപ്പോള്‍ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയിലാണ്.
ഇതിനിടെ ആലപ്പുഴ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ബി. ഹരിശങ്കര്‍ 1969ലെ സഹകരണ സംഘം നിയമ വകുപ്പ് 76 (ഡി) പ്രകാരം മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരില്‍ നിന്നും സംഘത്തിലേക്ക് ഈടാക്കേണ്ട തുകകള്‍ വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും ഇടാക്കുന്നതിനായി ചെങ്ങന്നൂര്‍ ഡയറി എക്സറ്റന്ഷന് ഓഫീസറെ സെയില്‍ ഓഫീസറായി നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ന്യൂജനറേഷന് യുവാക്കളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ മണ്ഡലം-ബ്ലോക്ക് അദ്ധ്യക്ഷന്മാര് ചേര്‍ന്ന് ഇയാള്‍ക്ക് സീറ്റു നല്‍കിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: