ചേര്‍ത്തല: ഒറ്റനോട്ടത്തില്‍ വെറും 10,040 രൂപാ മാത്രം. അതില്‍ ഒളിഞ്ഞിരുന്ന അത്ഭുതം രഞ്ജിതാഭായി അറിഞ്ഞത് പിറന്നാളും കഴിഞ്ഞ്. മകന് അമ്മക്കു നല്കിയ ഈ പിറന്നാള്‍ സമ്മാനത്തിലെ കൗതുകത്തിലൂടെ അമ്മയും മകനും ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോഡില്‍ സ്ഥാനം പിടിച്ചു.
തിരുവനന്തപുരത്ത് കോര്‍പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ചേര്‍ത്തല മാടക്കല്‍ ശാന്തിഭവനില്‍ അര്‍വിന്ദ് കുമാര്‍ പൈക്കും അമ്മ രഞ്ജിതാ ഭായിക്കുമാണ് ഈ അപൂര്‍വ്വ നേട്ടം. മാതൃദിനത്തിനു തൊട്ടുമുമ്പുതന്നെ റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് അര്‍വിന്ദ് കുമാറിന് ഇരട്ടി മധുരമായി.
രഞ്ജിതാഭായിയുടെ 56-ാം പിറന്നാള്‍ ദിനമായ 2014 നവംബര്‍ 25നാണ് അര്‍വിന്ദ് കുമാര്‍ നിറയെ കൗതുകങ്ങള്‍ ഒളിപ്പിച്ച് അമ്മക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്. 10 രൂപയുടെ 1004 നോട്ടുകളായിരുന്നു സമ്മാനപ്പൊതിയില്‍. അമേരിക്കയില്‍ തീയതി കണക്കാക്കുന്ന രീതിയില്‍ 11 (മാസം)/25 (ദിവസം) തുടര്‍ന്നു അമ്മയുടെ പിറന്നാള്‍ വര്‍ഷങ്ങളും വരുന്ന രീതിയിലുള്ള സീരിയല്‍ നമ്പര്‍ നോട്ടുകളായിരുന്നു സമ്മാനത്തില്‍ ഉണ്ടായിരുന്നത്. 1004 നോട്ടുകളും ഇതേ തരത്തിലുള്ളതായിരുന്നു.
ലഭിച്ച റെക്കോഡ് സര്‍ട്ടിഫിക്കറ്റ്, മാതൃദിനവും മാതാപിതാക്കളുടെ 30-ാം വിവാഹവാര്‍ഷിക ദിനവുമായ ഇന്ന് അമ്മയ്ക്കു സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് യുവാവ്. അച്ഛന് മുരളീധരബാബു 2012ല്‍ മരിച്ചു. എല്ലാ പിറന്നാള്‍ ദിനത്തിലും അമ്മക്ക് അപ്രതീക്ഷിത സമ്മാനങ്ങളാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: