പത്തനാപുരം: ആഹാരസാധനമാണെന്നു കരുതി പന്നിപ്പടക്കം ചവച്ചു പൊട്ടിച്ച് വായ്ക്കു ഗുരുതരമായ പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള വനംവകുപ്പിന്റെ തെരച്ചില്‍ തുടരുന്നു. തുടര്‍ചികിത്സ നല്കാന് വേണ്ടിയാണ് തെരച്ചില്‍ നടത്തുന്നത്. പത്തനാപുരം നടുമുത്തു മൂഴി റേഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ 15 കിലോമീറ്റര്‍ ദൂരം ഉള്‍വനത്തില്‍ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
കാട്ടാനക്കൂട്ടത്തോടൊപ്പം ഉള്‍വനത്തില്‍ പോയെന്നാണു നിഗമനം. വായ്ക്ക് ഗുരുതര പരിക്കേറ്റ് പിടിയാനക്ക് ചികില്‍സ നല്കാനായില്ലെങ്കില് ആഹാരം കഴിക്കാനാകാതെ അത് ചരിയും. നാക്ക് ഒട്ടുമുക്കാലും അറ്റ നിലയിലും പല്ലുകളടര്‍ന്നു കേടുപാടുകള്‍ സംഭവിച്ച് നിലയിലുമാണുള്ളത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസം പത്തനാപുരം റേഞ്ചില്‍ പാടം പടിഞ്ഞാറേ വെള്ളം തെറ്റിയില്‍ നാട്ടുകാരാണാദ്യം പരിക്കേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്.
തുടര്‍ന്ന് വനംവകുപ്പ് വെറ്റിനറി സര്ജ്ജന് ഡോ.രാജീവ് മയക്കുവെടി വെച്ച ശേഷം മുറിവ് പഴുക്കാതിരിക്കാന്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മയക്കമുണര്‍ന്ന ആന കാട്ടിലേക്കു കയറി പോകുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ആനയെ കണ്ടെത്തി ചികിത്സ നല്‍കിയില്ലെങ്കില്‍ ആന ചരിയുമെന്നും പന്നിപ്പടക്കം വച്ചവര്‍ക്കെതിരെ കേസെടുത്തുവെന്നും റെയിഞ്ചോഫീസര്‍ പി.ജി.ചന്ദ്രന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: