പത്തനാപുരം: ബാറുടമയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങി ബിയര്‍, വൈന്‍ പാര്‍ലര്‍ തുറക്കാന്‍ അനുമതി നല്കിയ സംഭവം വിവാദമായതിനെത്തുടര്‍ന്ന് വിളക്കുടി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാവുന്നു. പ്രശ്നം ഇടതുമുന്നണിയില്‍ സിപിഎം-സിപിഐ പോരിന് വഴിതുറന്നതോടെ സിപിഎമ്മുകാരിയായിവിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിജോസ് പ്രകാശ് രാജിവയ്ക്കാനൊരുങ്ങുന്നു. പാര്‍ട്ടിക്കുള്ളിലും ഭരണസമിതിയിലും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്നാണ് വിശദീകരണം.
കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനില്‍ രോഹിണി ഹില്‍സ് എന്ന സ്വകാര്യ ബാറിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് ലക്ഷങ്ങള്‍ കോഴയായി വാങ്ങിയ ശേഷം അനുമതി നല്‍കിയെന്നാണ് ആരോപണം. സംഭവം പുറത്തായതോടെയാണ് പഞ്ചായത്ത് സമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായത്. വിളക്കുടി പഞ്ചായത്തില്‍ സ്വകാര്യ ഹോട്ടലില്‍ ബാറിനോ ബിയര്‍ പാര്‍ലറിനോ അനുമതി നല്‍കേണ്ട എന്നായിരുന്നു എല്‍ഡിഎഫ് ‘രിക്കുന്ന പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന എടുത്ത തീരുമാനം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ബാര്‍ തുറക്കാന്‍ പഞ്ചായത്ത് എന്‍ഒസി നല്‍കിയത്.
രണ്ടുവര്‍ഷക്കാലമായി ഇത് സംബന്ധിച്ച ചര്‍ച്ചകളും പ്രതിഷേധങ്ങളും പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രസിഡന്റും സെക്രട്ടറിയും മാത്രമല്ല ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മിക്ക പഞ്ചായത്ത് അംഗങ്ങളും ബാറുടമയില്‍ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതായാണ് വിവരം.
അതേ സമയം ബാര്‍പ്രശ്നത്തില്‍ സിപിഐ ഉയര്‍ത്തുന്ന പ്രതിഷേധം പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വെറുതെ നടത്തുന്ന സമരമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും സിപിഐ നേതാവുമായ ആര്. അജികുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്. ഇതോടെ വിളക്കുടി ഗ്രാമപഞ്ചായത്തിലെ സിപിഎം, സിപിഐ ചേരിപ്പോര് മറനീക്കി പുറത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: