കൊല്ലം: മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ തീരദേശജനതയെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ മത്സ്യപ്രവര്‍ത്തകസംഘത്തിന്റെ തീരദേശയാത്ര 14ന് ജില്ലയില്‍ പര്യടനം നടത്തും. സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് നയിക്കുന്ന യാത്രയ്ക്ക് രാവിലെ കരുനാഗപ്പള്ളി അഴീക്കലില്‍ സ്വീകരണം നല്‍കും.
ആലപ്പാട്, കരുനാഗപ്പള്ളി, ചവറ, പന്മന, നീണ്ടകര, പുത്തന്‍തുറ, കൊല്ലം എന്നീകേന്ദ്രങ്ങളില്യാത്രയ്ക്ക് വരവേല്പ് നല്‍കുമെന്ന് മത്സ്യപ്രവര്‍ത്തകസംഘം നേതാവ് ധരണീന്ദ്രന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ അംഗീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടതുവലതു മുന്നണികളും ചില മതശക്തികളും ആസൂത്രിതമായ കുപ്രചാരണമാണ് അഴിച്ചുവിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്ര. സമഗ്രമായ മത്സ്യബന്ധനനയം കൊണ്ടുവരുമെന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച് ഇതുവരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. 2004ല്‍ ഇടതുപിന്തുണയോടെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആഴക്കടല്‍ മത്സ്യബന്ധന നയമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും മീനാകുമാരി കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യാത്ര ചൂണ്ടിക്കാട്ടുന്നു.
നടപ്പാക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് തീരദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണ് ഇടതുവലതുമുന്നണികള്. പച്ചക്കള്ളം പ്രചരിപ്പിച്ചാണ് കേരളത്തില്‍ തീരദേശഹര്‍ത്താല്‍ നടത്തിയത്. വിദേശക്കപ്പലുകളെ ഇന്ത്യന്‍ കടലില്‍ മത്സ്യബന്ധനത്തിനായി ക്ഷണിച്ചുകൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. അവരുടെ താല്പര്യങ്ങളാണ് മീനാകുമാരി കമ്മീഷന്റെ ശുപാര്‍ശകളെന്നും യാത്രയുടെ പ്രചാരണത്തിനായി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
അഴിമതിയും ജനവിരുദ്ധനയങ്ങളും മൂലം അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതിയിലാണ് തങ്ങള്‍തന്നെ സൃഷ്ടിച്ച റിപ്പോര്‍ട്ടിന്റെ പിതൃത്വം മോദിസര്‍ക്കാരിന്റെ തലയില്‍ വെക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
1997ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പി. മുരാരി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ പാടേ അവഗണിച്ചുകൊണ്ടാണ് മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദേശ സംയുക്ത സംരംഭങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുക, പുതിയ ലൈസന്‍സ് അനുവദിക്കരുത് തുടങ്ങിയ സുപ്രധാനമായ 21 നിര്‍ദേശങ്ങള്‍ അടങ്ങിയ മുരാരി കമ്മറ്റി റിപ്പോര്‍ട്ട് പാടേ അവഗണിച്ചുകൊണ്ടാണ് 2005ല്‍ മന്മോഹന് സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധന നയം രൂപീകരിച്ചത്. 1991ല്‍ വിദേശ കപ്പലുകള്‍ക്കും വന്‍കിട കുത്തക കമ്പനികള്‍ക്കും ഇന്ത്യന്‍ മത്സ്യബന്ധനരംഗം തീറെഴുതിക്കൊടുത്ത കോണ്‍ഗ്രസ് അതാവര്‍ത്തിക്കാനാണ് മീനാകുമാരി കമ്മീഷനെ നിയോഗിച്ചത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങളും വന്‍കിട കുത്തകകള്‍ക്ക് ഒത്താശയും ചെയ്യുന്ന മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തിയതും സമരരംഗത്ത് നിന്നതും മത്സ്യപ്രവര്‍ത്തക സംഘമാണ്. ഇത് സംബന്ധിച്ച് സംഘം കേന്ദ്രമന്ത്രി ഡോ. രാധാമോഹന്സിംഗിനെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണം, പി. മുരാരി കമ്മിറ്റി ശുപാര്‍ശ ചെയ്ത ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനാവശ്യമായ പരിശീലനവും സാമ്പത്തിക സഹായവും നല്‍കുക, സമഗ്രമായ മത്സ്യബന്ധന നയം രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സംഘം നിവേദനത്തില്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും എന്തെങ്കിലും നടപടി എടുക്കണമെങ്കില്‍ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചുമാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പ് നല്കി. 2014 നവംബര്‍ 12ന്റെ മാര്‍ഗരേഖയും തുടര്‍ന്നുള്ള വിജ്ഞാപനവും സര്‍ക്കാരിന്റെ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ മന്ത്രി പുതിയ സര്‍ക്കാര്‍ ഒരൊറ്റ കപ്പലിനും അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയതാണ്. എന്നിട്ടും ഈ മാര്‍ഗരേഖ ഉയര്‍ത്തിക്കാട്ടി കള്ളപ്രചാരണം നടത്തുകയാണ് ഇടതുവലതു മുന്നണികളെന്ന് യാത്ര ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: