പത്തനാപുരം: പത്ത് ലക്ഷം രൂപയ്ക്ക് ടെണ്ടറായി മെറ്റലും അനുബന്ധ സാധനങ്ങളും ഇറക്കി മൂന്ന് മാസം പിന്നിടുമ്പോഴും തകര്‍ന്ന് കിടക്കുന്ന ചെളിക്കുഴി-കടുവാത്തോട് റോഡ് പണി ആരംഭിക്കുവാന്‍ നടപടിയില്ല. നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.
മൂന്ന് മാസം മുമ്പാണ് പണികള്‍ക്കായി 10 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ റോഡാണ് മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന കടുവാത്തോട്-ചെളിക്കുഴി റോഡ്. പത്തനാപുരം പൊതുമരാമത്ത് സെക്ഷന്റെ പരിധിയിലുള്ള രണ്ട് കിലോമീറ്ററോളം വരുന്ന റോഡിലെ ടാറിംഗും മെറ്റലിംഗും ഇളകി തകര്‍ന്ന് കുഴികളായ നിലയിലാണ്.
കീത്രാടി ജംഗ്ഷന്, ഹെല്‍ത്ത് സെന്റര്‍ ജംഗ്ഷന്, ഷാപ്പ്മുക്ക്, തൈക്കാവ് ജംഗ്ഷനുള്പ്പെടെയുളള ഭാഗങ്ങളാണ് തകര്‍ന്നുകിടക്കുന്നത്. മഴമൂലം റോഡിലെ കുഴികളില്‍ വെളളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളടക്കം വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. ഈ റോഡിലൂടെയുളള യാത്ര നാട്ടുകാരുടെ നടുവൊടിക്കുന്ന തരത്തിലായിട്ടും അധികാരികളും ജനപ്രതിനിധികളും മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പലതവണ പൊതുമരാമത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: