ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടഞ്ഞതിനെ തുടര്‍ന്ന് യുഡിഎഫിന്റെ രാഷ്ട്രീയ പ്രചരണ ജാഥ അനിശ്ചിതത്വത്തിലായതിനാല്‍ ഇന്നലത്തെ യുഡിഎഫ് പ്രവര്‍ത്തക യോഗം നടന്നില്ല. മന്ത്രി രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നേതാക്കളുടെ അസൗകര്യം മൂലം യോഗം മാറ്റിയെന്നാണ് അണികളെ അറിയിച്ചത്. ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസുമായി ഇടഞ്ഞ കെ.എം. മാണി യുഡിഎഫിന്റെ മദ്ധ്യമേഖലാ രാഷ്ട്രീയ പ്രചരണജാഥ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബാര്‍ക്കോഴ കേസിലെ അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നായിരുന്നു മാണിയുടെ നിലപാട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍പ്പെടുന്ന മദ്ധ്യമേഖലയിലെ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം മാണി കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്.
ആരോപണവിധേയനായ ജോസ് കെ.മാണിയെ ക്യാപ്റ്റനാക്കാനുള്ള മാണി കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ ഘടകകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ജാഥ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മാണി രംഗത്തെത്തിയത്. ജാഥ തന്നെ അവതാളത്തിലായ സാഹചര്യത്തില്‍ യുഡിഎഫ് യോഗവും അപ്രസക്തമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് ജാഥ നടത്തി അണികളെ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: