ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവര്‍ ഷാജിമോന്‍ മൂന്നു ലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്.
2014 ഏപ്രില്‍ 19ന് ജോലികഴിഞ്ഞ് വരുമ്പോള്‍ വളവനാട് ആശുപത്രി കവലയില്‍ നടന്ന അപകടത്തിലാണ് ഷാജിമോന്‍ ഗുരുതരമായി പരിക്കേറ്റത്. ആദ്യം ചേര്‍ത്തലയിലും പിന്നീട് എറണാകുളത്തും ചികിത്സിച്ചു. ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപ ചിലവായതായി ഷാജിമോന്റെ ഭാര്യ പാതിരപ്പള്ളി കൊച്ചുപറമ്പില്‍ അനിത സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഷാജിമോന്‍ നാലിലും ആറിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. ഭാര്യയ്ക്ക് ജോലിയില്ല.
കമ്മീഷന് കെഎസ്ആര്‍ടിസി എംഡിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ചികിത്സയുടെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്റ് നല്‍കാമെന്ന് എംഡി അറിയിച്ചു. ചുവപ്പുനാടയില്‍ കുരുങ്ങി തീരുമാനം വൈകാന്‍ സാധ്യതയുള്ളതിനാല്‍ മൂന്നു ലക്ഷം രൂപ അടിയന്തിരമായി നല്‍കണമെന്ന് കമ്മീഷന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്കി. കോര്പ്പറേഷന് നിയമതടസം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക നല്‍കണം. ഉത്തരവ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും അയച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: