പൊന്‍കുന്നം: കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായ കെ.കെ.റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. കെ.കെ. റോഡ് ഇപ്പോള്‍ ദേശീയപാത 183ന്റെ ഭാഗമായിട്ടും അടിസ്ഥാനസൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ദേശീയപാതയില്‍ പാമ്പാടി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗങ്ങളില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഈ മേഖലയില്‍ നിരവധി കൊടിയവളവുകളുണ്ട്. പതിവായി അപകടം നടക്കുന്ന ഇവിടങ്ങളില്‍ അവശ്യം വേണ്ടുന്ന മുന്നറിയിപ്പു ബോര്‍ഡുകളില്ല. ഉള്ള ബോര്‍ഡുകള്‍ കാടുകയറി മൂടികിടക്കുന്ന അവസ്ഥയിലും.
ചേന്നംപള്ളി, പുളിക്കല്‍കവല, നെടുമാവ്, പതിനഞ്ചാംമൈല്‍, കൊടുങ്ങൂര്‍ ആശുപത്രിക്ക് സമീപമുള്ള വളവ്, ഇളംമ്പള്ളിക്കവല, പതിനെട്ടാംമൈല്‍, ചെങ്കല്‍പള്ളി, കടുക്കാമല, പൊന്‍കുന്നം ടൗണില്‍ വൈദ്യുതി ഭവനു സമീപമുള്ള വളവ്, ചേപ്പുംപാറ, കുന്നുംഭാഗം ആശുപത്രിക്ക് സമീപത്തെ വളവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആഫീസിനു സമീപമുള്ള വളവ് എന്നിവിടങ്ങളില്‍ നിരവധി മനുഷ്യജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. പതിനെട്ടാം മൈല്‍, ചെങ്കല്‍പള്ളി എന്നിവിടങ്ങളില്‍ രണ്ടുവര്‍ഷത്തിനിടയില്‍ ഉണ്ടായ അപകടങ്ങളില്‍ വൈദീകനും യുവാവും മദ്ധ്യവയസ്കനുമുള്പ്പെടെ നിരവധി ജീവനുകള്‍ നടുറോഡില്‍ പൊലിഞ്ഞുവെങ്കിലും ആവശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ആകെ നടക്കുന്നത് വഴിപാടുപോലുള്ള വാഹന പരിശോധന മാത്രമാണ്. ഇതുതന്നെ പൂര്‍ണ്ണതോതില്‍ ഫലപ്രാപ്തിയില്‍ എത്താറില്ല.
വളവുകള്‍ നിറഞ്ഞ റോഡിന്റെ ഒരു വശത്ത് മിക്കവാറും സ്ഥലങ്ങളില്‍ അഗാധമായ താഴ്ചയാണ്. വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നത് ഒഴിവാക്കാന്‍ റിഫഌക്ടറുകള്‍ പതിച്ച ക്രാഷ് ബാരിയറുകളോ സംരക്ഷണ ഭിത്തികളോ സ്ഥാപിക്കാന്‍ ഇതുവരെയും യാതൊരു നടപടിയുമില്ല. അപകടം തുടര്ക്കഥയായിട്ടുള്ള കടുക്കാമല കൊടുംവളവിന് സമീപത്തെ വളവ് കാണിക്കുന്ന സൂചികാ ബോര്‍ഡ് കാട് മൂടികിടക്കുവാന് തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ ബോര്‍ഡ് ഉണ്ടെന്ന് അറിയുവാന്‍ പോലും കഴിയില്ല. നിരവധി തവണ വാര്‍ത്തകള്‍ വന്നിട്ടുപോലും അധികാരികള്‍ നിസംഗത തുടരുകയാണ്. സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും തമ്മിലുള്ള മത്സര ഓട്ടവും അപകടം കൂട്ടുന്നു. കഴിഞ്ഞ നാളില്‍ ഇങ്ങനെ മത്സരയോട്ടം നടത്തി കൊടുങ്ങൂരില്‍ ഉണ്ടായ ബസപകടത്തില്‍ അന്‍പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളുടെ പേരില്‍ നടപടിയെടുക്കാന്‍ അധികാരികള്‍ മടിക്കുന്നതും അപകടത്തിന് വഴിവെക്കുന്നു.
തേക്കടിയിലേക്കും തമിഴ്നാട്ടിലേക്കുമടക്കം അന്യസംസ്ഥാന വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടയുള്ളവര്‍ കടന്നു പോകുന്ന പാതയാണിത്. ബോര്‍ഡുകള്‍ കാടുകയറികിടക്കുന്നതുമൂലം റോഡ് പരിചിതമല്ലാത്തവര്‍ ഏതുനിമിഷവും അപകടത്തില്‍ പെടാം. പലപ്പോഴും അപകടങ്ങള്‍ ഒഴിവായിപ്പോകുന്നത് ഭാഗ്യംകൊണ്ടുമാത്രം. കാലവര്‍ഷം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തപക്ഷം ഏതുനിമിഷവും അപകടം സംഭവിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: