ആലപ്പുഴ: ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അമ്പലപ്പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ കൂട്ട ആത്മഹത്യ ചെയ്ത ശേഷം നാല് വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യാശ്രമം നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട് പരിഭ്രാന്തിയിലായി. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സായി കേന്ദ്രത്തിലെ നാല് വനിതാ കായികതാരങ്ങള്‍ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുറംലോകം അറിയുന്നത്.
എന്നാല്‍ വിദ്യാര്‍ത്ഥിനികളുടെ നില ഗുരുതരമല്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അപര്‍ണ മരിച്ചത്. മറ്റൊരു കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കുട്ടിയുള്‍പ്പെടെയാണ് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഭാവിയിലെ വാഗ്ദാനങ്ങളായ കുട്ടികളാണ് കടുംകൈ ചെയ്തത്.
സായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും, പരിശീലകരും മുതിര്‍ന്ന വനിതാ കായികതാരങ്ങളും ജൂനിയര്‍ കുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. അതിനിടെ ഇവിടെ പരിശീലനം തേടുന്ന ചില കുട്ടികള്‍ ബിയര്‍ കഴിച്ചതായും ഇത് പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നും പ്രചരണമുണ്ട്.
പെണ്‍കുട്ടികള്‍ മാത്രം കഴിയുന്ന ഹോസ്റ്റലില്‍ ബിയര്‍ എവിടെ നിന്ന് ലഭിച്ചുവെന്ന വിവരം പോലും അധികൃതര്‍ക്കില്ല. കുട്ടികള്‍ വിഷക്കായ കഴിച്ച വിവരം ഏതാണ്ട് നാല് മണിക്കൂറോളം കഴിഞ്ഞാണ് അധികൃതര്‍ അറിയുന്നത്. ഇവിടെ നിന്നും ആശുപത്രിയിലെത്തിക്കാനും ഏറെ വൈകി. യഥാസമയം തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അപര്‍ണയുടെ ജീവന് രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: