ആലപ്പുഴ: സര്‍ക്കാരിന്റെ അനാസ്ഥ മൂലം നീര കര്‍ഷകര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 15 കോടി രൂപ ചെലവഴിക്കാതെ പാഴാക്കി. പതിനേഴോളം നാളികേര ഉത്പാദക കമ്പനികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പലതും സാമ്പത്തിക നേട്ടം കൈവരിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ ധനസഹായം കൂടി ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാകും. മാത്രമല്ല, തെങ്ങു കര്‍ഷകര്‍ക്കും തെങ്ങു കൃഷിയെയും തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനും സഹായമാകും. കൃഷി, എക്സൈസ് വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് നീര ഉത്പാദക മേഖലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
നാളികേര കര്‍ഷകരില്‍ നിന്ന് ഓഹരി മൂലധനം സ്വരൂപിച്ചാണ് പതിനേഴോളം നാളികേര ഉത്പാദക കമ്പനികള്‍ രൂപീകരിച്ചത്. കോട്ടയം, വയനാട്, പത്തനംതിട്ട ജില്ലകളിലൊഴികെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15 കോടി രൂപയുടെ ധനസഹായം കമ്പനികള്‍ക്ക് നല്‍കുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആറായിരത്തിലധികം നാളികേര ഉത്പാദക സംഘങ്ങളും നാന്നൂറോളം നാളികേര ഉത്പാദക ഫെഡറേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഏഴുലക്ഷം നാളികേര കര്‍ഷകര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. കെഎഫ്സിയില് നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് നീര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഭൂരിഭാഗവും ചെറുകിട ഇടത്തരം കര്‍ഷകരാണ്. ഇവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്ന എല്ലാത്തരം നീക്കങ്ങള്‍ക്കെതിരെയും പ്രതിഷേധമുയരും.
നീര ഉത്പാദനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കര്‍ഷകര്‍ക്ക് വരുമാനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. നീരയ്ക്ക് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചിട്ടുള്ളത്. പ്രകൃതിദത്തമായ മായവും മാലിന്യവുമില്ലാത്ത ഏറ്റവും ഉത്തമമായ ആരോഗ്യപാനീയമായ നീരയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ വന്‍കിട ശീതളപാനീയ കമ്പനികളില്‍ നിന്നുണ്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മെയ് 11ന് കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണയും മെയ് 18ന് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് കരപ്പുറം നാളികേര ഉത്പാദക കമ്പനി ചെയര്മാന് അഡ്വ. ഡി. പ്രിയേഷ്കുമാറും ഡയറക്ടര്‍ ടി.എസ്. വിശ്വനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: