കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. ഒരു ക്ഷേത്രത്തിന്റെ പരിമിധിക്കുള്ളില്‍ നില്‍ക്കാതെ ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും സാമൂഹ്യസേവനരംഗത്തും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. തിരുവൈരാണിക്കുളത്തെ ട്രസ്റ്റിന്റെ ആശുപത്രിയും സ്ക്കൂളുമെല്ലാം ഒട്ടേറെ ജനങ്ങളുടെ ആശ്രയമാണ്.
കഴിഞ്ഞദിവസം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തില്‍ 12 നിര്‍ധന യുവതികള്‍ക്കാണ് മംഗല്യഭാഗ്യം ലഭിച്ചത്. ക്ഷേത്രട്രസ്റ്റ് ഇത് മൂന്നാം വര്‍ഷമാണ് തുടര്‍ച്ചയായി സമൂഹ വിവാഹം സംഘടിപ്പിച്ചത്. ആദ്യം ഒമ്പതും രണ്ടാമത് പതിനൊന്നും യുവതികള്‍ക്കാണ് മംഗല്യഭാഗ്യം നല്‍കിയത്. ഒരാള്‍ക്ക് ഒരുലക്ഷംരൂപയുടെ സ്വര്‍ണാഭരണങ്ങളും 8000 രൂപയുടെ വിവാഹവസ്ത്രവും വരന് 2000 രൂപയുടെ വിവാഹവസ്ത്രവും സദ്യയുമാണ് ട്രസ്റ്റ് നല്‍കിയത്. അടുത്തവര്‍ഷം ഇതില്‍ക്കൂടുതല്‍ യുവതികളെ പരിഗണിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
മജീഷ പ്രവീണ്‍കുമാര്‍, കൃഷ്ണപ്രിയ ഗിരീഷ്, അഞ്ജന പ്രവീണ്‍, അനു രമേശ്, രമ്യ സുനില്‍, അഞ്ജലി സോനു, മിനി രാജേഷ്, അനില ബിനോജ്, അനീഷ നിധിന്, ദിവ്യ രജീഷ്, രമ്യ വേണു, അശ്വനി സന്ദീപ് എന്നിവരാണ് കഴിഞ്ഞദിവസം ക്ഷേത്രനടയില്‍ വിവാഹിതരായത്. വെടിയൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, മാനേജര്‍ പി.കെ. നന്ദകുമാര്‍, അസിസ്റ്റന്റ് മാനേജര്‍ എം.കെ. കലാധരന്‍, എം.വി. സുരേഷ് എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
ഗായകന് മധുബാലകൃഷ്ണന്, എം.എല്‍.എ.മാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, മുന്‍ എം.പി. കെ.പി. ധനപാലന്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്ട്ടിന്, ശ്രീമൂലനഗരം മോഹന്‍, തിരുവൈരാണിക്കുളം മഹാദേവക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ് തുടങ്ങിയവര്‍ വധൂവരന്മാര്ക്ക് ആശംസ നേര്‍ന്നു. 4000 പേര്‍ക്കുള്ള വിവാഹസദ്യയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: