കുന്നത്തൂര്‍: അച്ഛനും മൂന്ന് പെണ്മക്കളും ബ്ലാക്ക് ബെല്‍റ്റ്, വൈറ്റ് ബെല്‍റ്റ് നേടിയ അമ്മയിപ്പോള്‍ യെല്ലോ ബെല്‍റ്റിനായുള്ള പരിശ്രമത്തില്‍. ഒരു കുടുംബത്തിലെ മുഴുവന്‍പേരും കരാട്ടെ വിദഗ്ധരായ വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളില്‍ ഒന്നാണ് ശാസ്താംകോട്ട ഭരണിക്കാവ് മൈക്കിളിന്റേത്.
ഭരണിക്കാവ് കഫുകാന് കരാട്ടെ ക്ലബിന്റെ സാരഥിയാണ് നാലാം ഡിഗ്രി ബ്ലാക്ക് ബെല്‍റ്റുകാരനായ മൈക്കിള്‍. മൈക്കിളിന്റെ അച്ഛന് കളരി ആശാനായിരുന്നു. അച്ഛന് പീറ്ററില്‍ നിന്നുമാണ് ഇദ്ദേഹം അഭ്യാസം പഠിക്കുന്നത്. പിന്നീട് കളരിയില്‍ നിന്നും കരാട്ടയിലേക്ക് മാറി. പോണ്ടിച്ചേരിയില്‍ നിന്നും ബാംബു ഐകിഡോയും നേടിയിട്ടുണ്ട് ഇദ്ദേഹം. ദേശീയ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ നിരവധി വിജയം നേടിയിട്ടുണ്ട് ഇദ്ദേഹം.
ഗുരുവായൂരില്‍ നടന്ന ഫോട്ടോകാന് കരാട്ടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേതാണ് പട്ടികയിലെ ഏറ്റവും ഒടുവിലത്തെ വിജയം. അച്ഛന്റെ വഴിയെ സഞ്ചരിക്കുകയായിരുന്നു മൂന്ന് പെണ്മക്കളും. ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ മൂത്തമകള്‍ റൂബി 2013ലെ ജില്ലാസംസ്ഥാന ചാമ്പ്യനാണ്. ഇരട്ടകളായ സ്റ്റെഫിയും സ്റ്റെനിയും ബ്ലാക്ക്ബെല്റ്റ് നേടിയവരാണ്.
റൂബിക്കും മൈക്കിളിനുമായി ഇരുന്നൂറോളം ശിഷ്യരാണുള്ളത്. ഭരണിക്കാവ് ടൗണിലെ പുലര്‍കാല കാഴ്ചകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇവരുടെ കരാട്ടെ അഭ്യാസങ്ങള്‍. ആറു മുതല്‍ 60 വരെ പ്രായമുള്ളവര്‍ ഇവരുടെ ശിഷ്യഗണത്തിലുണ്ട്.
പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നത് റൂബിയാണ്. ഭര്‍ത്താവും മക്കളും കരാട്ടെയുടെ വഴിയേ പോയപ്പോള്‍ സെലീനയും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. സമ്പാദ്യമായി ഇവര്‍ക്കുള്ളത് കിട്ടിയ എണ്ണം പറഞ്ഞ മെഡലുകളും പണി തീരാത്ത അഞ്ച് സെന്റിലെ വീടുമാണ്. മറ്റ് കായികയിനങ്ങള്‍ക്കായി നിരവധി തുക ചെലവഴിക്കുന്ന സര്‍ക്കാര്‍ കരാട്ടെയ്ക്ക് പ്രോത്സാഹിപ്പിക്കണമെന്നാണ് മൈക്കിളിന്റെ അഭിപ്രായം.പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് ധാരാളമായി എത്തിതുടങ്ങിയ് ശുഭ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: