മുഹമ്മ: സഹോദരന്റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വികലാംഗന് നേരെ മുഖംമൂടി ആക്രമണം. കാലിന് ഗുരുതരമായി വെട്ടേറ്റ പെരുമ്പാവൂര്‍ പാത്തിക്കല്‍ സജീവി (54)നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മ കണിയാകുളങ്ങരയിലെ സഹോദരന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം രാത്രി വീടിനോട് ചേര്‍ന്നുള്ള കല്യാണ മണ്ഡപത്തില്‍ ബന്ധുക്കളുമായി സംസാരിച്ച് നില്‍ക്കെ നാലുഭാഗങ്ങളില് നിന്നും മാരകായുധങ്ങളുമായി എത്തിയ സംഘം ആളുമാറി സജീവനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ആഴത്തില്‍ വെട്ടേറ്റ ഇടതുകാല് തൂങ്ങിയ നിലയിലായിരുന്നു. അക്രമം ഭയന്ന് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. എന്നാല്‍ വികലാംഗനായ സജീവന് ഓടാനായില്ല.
പ്രദേശത്തെ കോളനി കേന്ദ്രീകരിച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളയാള്‍ ഇവരുടെ കൂട്ടത്തിലുണ്ടാകുമെന്ന ധാരണയിലാണ് സംഘം അക്രമം നടത്തിയതെന്ന് പറയപ്പെടുന്നു. അക്രമത്തിനിരയായ സജീവ് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നയാളാണ്. മുഹമ്മ പോലീസ് കേസെടുത്തു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എസ്ഐ: എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: