കുട്ടനാട്: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ കുട്ടനാട്ടിലെ നദികളിലും കായലുകളിലും ഇടത്തോടുകളിലും പോള നിറഞ്ഞ് ജനജീവിതം ദുസഹമായി. ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ശക്തമായ ഒഴുക്കില്‍ പുറംകായലുകളില് കിടന്നിരുന്ന പോള ഒഴുകി തോടുകളിലും കായലുകളിലും നിറയുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കിഴക്കുനിന്നും എത്തിയ വെള്ളത്തോടൊപ്പം നിരവധി മേഖലകളില്‍ അടിഞ്ഞുകിടന്നിരുന്ന പോളയും കായലുകളിലും തോടുകളിലുമെത്തി. ഇതോടെ ജലഗതാഗതവും പ്രതിസന്ധിയിലായിരിക്കുകയാണ്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വള്ളങ്ങള്‍ മാത്രമാണ് ഗതാഗതത്തിന് ആശ്രയം. പോളകള്‍ നിറഞ്ഞതിനാല്‍ ജലാശയങ്ങളിലൂടെ വള്ളം തുഴഞ്ഞു നീങ്ങാന്‍ സാധിക്കാതെ ജനം ബുദ്ധിമുട്ടുന്നു. കൂടാതെ മലിനീകരണവും രൂക്ഷമാണ്.
പോളനിറഞ്ഞുകിടക്കുന്ന തോടുകളില്‍ നിക്ഷേപിക്കുന്ന അറവുമാലിന്യങ്ങളുടെ അവശിഷ്ടവും മറ്റു മാലിന്യങ്ങളും ഒഴുകി മാറാതായി. ഇത് രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും പകര്‍ച്ചവ്യാധി ഭീഷണിയ്ക്കുമിടയാക്കുന്നു. വള്ളങ്ങള്‍ എത്താന്‍ വൈകുന്നത് കായല്‍ മേഖലയിലെ സപ്ലൈകോയുടെ നെല്ല് സംഭരണത്തെ സാരമായി ബാധിക്കുന്നുണ്ട്. വല ഉപയോഗിച്ചുള്ള മത്സ്യബന്ധനവും തടസപ്പെട്ടതായി മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: