ആലപ്പുഴ: വിമുക്തഭടന്റെ വാരിയെല്ല് എസ്ഐ തകര്‍ത്തെന്ന് ആരോപിച്ച് ഹ്യൂമന്‍ റൈറ്റ് പ്രൊട്ടഷന്‍ കൗണ്‍സില്‍ രംഗത്ത്. കാര്‍ഗില്‍ യുദ്ധകാലത്തെ സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള ചേര്‍ത്തല കടക്കരപ്പള്ളി മാപ്പറമ്പില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് ദുര്‍ഗതിയുണ്ടായത്.
കേസുമായി മുന്നോട്ടുപോകാതിരിക്കാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്നും രണ്ടുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കാന് എസ്ഐ തയ്യാറാണെന്നും ഇടനിലക്കാര്‍ വഴി അറിയിച്ചതായി രാധാകൃഷ്ണന്റെ സഹോദരന് ബിജുവും അമ്മ നളിനിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ മാസം രണ്ടിനാണ് സംഭവം. ഭാര്യയുമായി സ്വരചേര്‍ച്ച ഇല്ലാത്തതിനാല്‍ കുടുംബകോടതിയില്‍ രാധാകൃഷ്ണന്റെ കേസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്വന്തം വീട്ടില്‍ മുകള്‍ നിലയില്‍ താമസിക്കാന്‍ ഉത്തരവായതിനെ തുടര്‍ന്ന് താമസിക്കാനെത്തിയ രാധാകൃഷ്ണനെ ഭാര്യ തടയുകയും പട്ടണക്കാട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ എസ്ഐ: അജയമോഹന് വിളിച്ചുവരുത്തുകയും സ്റ്റേഷനിലും ലോക്കപ്പിലുമിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലായപ്പോള്‍ വാരിയെല്ല് ഒടിഞ്ഞതായി സ്ഥിരീകരിച്ചു. ഭാര്യ വിസമ്മതിച്ചതിനാല്‍ കഞ്ഞിക്കുഴിയിലുള്ള സഹോദരിയുടെ വീട്ടിലാണ് രാധാകൃഷ്ണന് ഇപ്പോള്‍.
എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രാധാകൃഷ്ണന് ഡിവൈഎസ്പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഇടപെട്ടതെന്ന് സംസ്ഥാന പ്രസിഡന്റ് ജയമോഹനും ചേര്‍ത്തല താലൂക്ക് വൈസ് പ്രസിഡന്റ് സുനിലും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: