കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന പേരില്‍ തട്ടിപ്പുമായി രംഗത്ത്. സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. നാലര വര്‍ഷക്കാലം പഞ്ചായത്ത് ഭരിച്ചിട്ടും ഒന്നും ചെയ്യാതെയാണ് പരിഹരിക്കപ്പെടാത്ത പൊതുതാല്‍പര്യ പരാതികള്‍ പരിഹരിക്കാനെന്ന വ്യാജേന വോട്ടുബാങ്ക് ലക്ഷ്യമാക്കി ജനങ്ങളെ പറ്റിക്കല്‍ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഭരിക്കുന്ന പല പഞ്ചായത്തുകളിലും ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണത്തിലേറിയ ശേഷം ഇത്തരം ജനസമ്പര്‍ക്ക പരിപാടികള്‍ ജില്ലകള്‍ തോറും നടത്തുകയും വീണ്ടും നടത്താന്‍ തയ്യാറെടുക്കുകയുമാണ്. മുഖ്യമന്ത്രിയുടെ ഇത്തരം പരിപാടികള്‍ തന്നെ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രഹസനങ്ങളായി മാറുകയും നാല് വര്‍ഷം പിന്നിടുമ്പോഴും ഇത്തരം സമ്പര്‍ക്കങ്ങളിലൂടെ ജനങ്ങള്‍ക്ക് വ്യക്തിപരമായും കൂട്ടായും നല്‍കിയ പല വാദ്ഗാനങ്ങളും ഇപ്പോഴും കടലാസിലുറങ്ങുകയാണ്.
പരിപാടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് ബിജെപിയും സിപിഎമ്മും തുടക്കം മുതലേ ആരോപിച്ചിരുന്നു. പിന്തിരിപ്പന്‍ ആശയമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഇതിനെ ശക്തിയുക്തം എതിര്‍ത്തിരുന്നു താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി നടപ്പിലാക്കുന്നുവെന്നും പൊതുമുതല്‍ ദുര്‍വ്യയം ചെയ്യുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുന്നതാണ് പരിപാടിയെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഇതിനിടയിലാണ് സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തുകള്‍ തന്നെ ഇത്തരം പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്. നാലര വര്‍ഷമായി കൊണ്ട് ഒന്നും ചെയ്യാത്ത ഭരണസമിതിയുടെ പേരില്‍ ഇല്ലാത്ത ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള അവസരമായി ഇത്തരം പരിപാടികള്‍ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടി തലത്തില്‍ നടത്തിയ ഉന്നത ഗൂഡാലോചനയുടെ ഭാഗമാണ് പുതിയ പരിപാടിയെന്നാണ് സൂചന. ജനസമ്പര്‍ക്കവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത ചില പേരുകള്‍ നല്‍കി പാര്‍ട്ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതും വിവാദമായിട്ടുണ്ട്.
പ്രശ്‌നപരിഹാര പൊതുജന അദാലത്തെന്നും മറ്റും പേരുമാറ്റിയാണ് ചില പഞ്ചായത്തുകളില്‍ പരിപാടികള്‍ നടക്കുന്നത്. ഇത്തരം അദാലത്തുകളില്‍ സ്വന്തം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വ്യക്തിപരമായും പ്രാദേശികമായും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനങ്ങളും നല്‍കുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിനായി രൂപം കൊണ്ട ഗ്രാമ പഞ്ചായത്തുകളും അവക്ക് കീഴില്‍ ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും ഉള്‍പ്പെടെ വര്‍ഷങ്ങളായി അടിസ്ഥാന വികസനത്തിനായി സംവിധാനമുണ്ടായിരിക്കുകയും പഞ്ചായത്ത് തല ഭരണകൂടങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഇത്തരം സമ്പര്‍ക്ക പരിപാടികളിലൂടെ പരിഹരിക്കേണ്ടതെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: