470. ഘ്രാണരൂപാഃ ഘ്രാണം എന്ന പദത്തിന് മൂക്ക്, മണം, മണപ്പിക്കല്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്. മുന്‍നാമങ്ങള്‍ കണ്ണ്, കാത്, ത്വക്ക്, നാക്ക് എന്നിവയെക്കുറിച്ചായതുകൊണ്ട് ഇവിടെ മൂക്ക് എന്ന അര്‍ത്ഥം സ്വീകരിക്കാം. ഗന്ധത്തിലൂടെ ബാഹ്യലോകത്തെക്കുറിച്ചുള്ള അറിവു പകര്‍ന്നുതരുന്ന അവയവമാണ് മൂക്ക്. ശരീരത്തില്‍ ജീവനെ നിലനിര്‍ത്തുന്നതിന് ആവശ്യമായ ശ്വസനം മൂക്കിലൂടെയാണു നടക്കുന്നത്.
ശരീരത്തില്‍ നിരന്തരമായി മാലിന്യം ഉണ്ടായിക്കൊണ്ടേയിരിക്കും. അവ ഉടനുടന്‍ നീക്കം ചെയ്യാന്‍ വായുവിനെ ഉള്ളിലേക്കു വലിച്ചെടുക്കുകയും മാലിന്യം കലര്‍ന്ന വായു പുറത്തുകളയുകളയും ചെയ്യുന്നത് മൂക്കാണ്. അല്പനേരം ശ്വാസം തടസ്സപ്പെട്ടാല്‍ ജീവന്‍ ശരീരം വിട്ടുപോകും. മണമായും മണപ്പിക്കലായും മണം തിരിച്ചറിയുന്ന ശരീരാവയവമായും ശ്വസോച്ഛ്വാസത്തിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന അവയവമായും പെരുമാറുന്ന ഘ്രാണം മൂകാംബികാദേവിയുടെ ഒരു രൂപമാണ്.
471. ജ്ഞാതൃരൂപാഃ ജ്ഞാതാവായി രൂപം ധരിച്ചവള്‍. കണ്ണ്, കാത്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും മൂകാംബികാദേവിയുടെ രൂപങ്ങളാണെന്ന് അഞ്ചുനാമങ്ങള്‍കൊണ്ടു പറഞ്ഞു. ഈ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തെക്കുറിച്ചറിയുന്ന വ്യക്തിയാണ് ജ്ഞാതാവ്. ജ്ഞാതാവ് ഉള്‍ക്കൊള്ളുന്ന ജ്ഞാനവും ദേവിതന്നെ. ജ്ഞാനേന്ദ്രിയങ്ങളും ജ്ഞാനവും ജ്ഞാതാവും ദേവിയാണ്.
472. പഞ്ചേന്ദ്രിയവിരാജിതാഃ പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടു വിരാജിക്കുന്നവള്‍. എന്നോ പഞ്ചേന്ദ്രിയങ്ങളായി വര്‍ത്തിക്കുന്നവള്‍ എന്നോ ഈ നാമത്തെ വ്യാഖ്യാനിക്കാം. പഞ്ചഭൂതാത്മകമായ ജഡവസ്തുക്കള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ശരീരം. അതില്‍ ചിച്ഛശക്തി ജീവരൂപത്തില്‍ ആവേശിക്കുമ്പോള്‍ ജീവിയാകുന്നു.
ശരീരബന്ധമായ ചിച്ഛശക്തിക്ക്, ജീവാത്മാവിന് ശരീരത്തിനു പുറത്തുള്ള ലോകവുമായി ബന്ധപ്പെടാനുള്ള ഉപകരണങ്ങളാണ് ജ്ഞാനേന്ദ്രിയങ്ങള്‍. ശരീരമായും ജീവനായും രൂപം സ്വീകരിച്ച ചിച്ഛശക്തി ജ്ഞാനേന്ദ്രിയങ്ങളായും മനസ്സായും ബുദ്ധിയായും അവയുടെ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കുന്ന കര്‍മ്മേന്ദ്രിയങ്ങളായും വര്‍ത്തിക്കുന്നു.
പഞ്ചേന്ദ്രിയങ്ങള്‍കൊണ്ടു ശോഭിക്കുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.
പഞ്ചേന്ദ്രിയങ്ങള്‍ എന്ന പ്രയോഗം അഞ്ചു ജ്ഞാനേന്ദ്രിയങ്ങളെയോ അഞ്ചു കര്‍മ്മേന്ദ്രിയങ്ങളെയോ കുറിക്കുന്നതായി വ്യാഖ്യാനിക്കാം. രണ്ടും സന്ദര്‍ഭത്തില്‍ യോജിക്കും.
















