കൊച്ചി: കൊച്ചിയില്‍ ജെടിപാക്ക് പ്രമുഖ ജനപ്രിയ ബാന്‍ഡുകളുടെ സംഗമമൊരുക്കുന്നു. കൊച്ചി റോക്ക് ഓണ്‍ എന്ന പേരില്‍ മേയ് ഒന്നിന് വൈകിട്ട് 4.30ന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററിലാണ് അഞ്ച് പ്രമുഖ ബാന്‍ഡുകള്‍ ഒരേ വേദിയില്‍ അണിനിരക്കുക. ബംഗളൂരുവിലെ ആത്മ, അഗം, കൊച്ചിയിലെ അവിയല്‍, തൈക്കൂടം ബ്രിഡ്ജ്, മദര്‍ ജെയ്ന്‍ എന്നീ ബാന്‍ഡുകളാണ് കൊച്ചിയില്‍ ആദ്യമായി ഒന്നിച്ചെത്തുന്നത്.
ഡ്രമ്മര്‍ ജോണ്‍ തോമസ്, ഗിറ്റാറിസ്റ്റ് ആര്. മിഥുന്, ബാസിസ്റ്റ് ക്ലൈഡ് റോസാരിയോ എന്നിവര്‍ ചേര്‍ന്ന് 1996-ല്‍ കൊച്ചിയില്‍ തുടങ്ങിയതാണ് മദര്‍ ജെയ്ന്‍. വോക്കലിസ്റ്റ് വിവേക് തോമസ്, ഗിറ്റാറിസ്റ്റ് റെക്സ് വിജയന് എന്നിവര്‍ ഈ ബാന്‍ഡിന്റെ ഭാഗമാണ്. 2011-ല്‍ ബാംഗളൂരില്‍ തുടങ്ങിയ ഇന്ത്യന്‍ റോക്ക് ബാന്‍ഡായ ആത്മ ഇന്ന് ഇന്ത്യയില്‍ പല നഗരങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.
തിരുവനന്തപുരത്ത് 2003-ല്‍ ഓള്‍ട്ടര്‍നേറ്റീവ് മലയാളി റോക്ക് എന്ന പേരില്‍ തുടങ്ങിയതാണ് അവിയല്‍ ബാന്‍ഡ്. ബംഗളൂരുവില്‍ 2003-ല്‍ തന്നെ തുടങ്ങിയ ആധുനിക കര്‍ണാട്ടിക് ബാന്‍ഡാണ് അഗം.
ഫിഷ് റോക്ക് എന്ന സിഗ്നേച്ചര്‍ ട്യൂണുമായി കൊച്ചിയില്‍ പുതിയ തരംഗമായ തൈക്കൂടം ബ്രിഡ്ജ് അനശ്വര മലയാളം ഗാനങ്ങളില്‍ പലതും വേദിയില്‍ അവതരിപ്പിക്കുന്നു. ഓരോ ബാന്‍ഡുകളും 45 മിനിട്ട് വീതം ഗാനങ്ങള്‍ അവതരിപ്പിക്കും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ക്കായി : 8086881681, 9349528057
പ്രതികരിക്കാൻ ഇവിടെ എഴുതുക: