ഒറ്റപ്പാലം: നിര്‍മിച്ച് മാസങ്ങള്‍ക്കകം തകര്‍ന്ന ഒറ്റപ്പാലംമണ്ണാര്‍ക്കാട് റോഡ് അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ബി.ജെ.പി.തീരുമാനിച്ചു.
അമ്പലപ്പാറയില്‍ നടന്ന ഉദ്ഘാടന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ റോഡ് തകര്‍ച്ചക്കെതിരെ പരാതിയുയര്‍ന്നിരുന്നു.
തുടര്‍ന്ന്, 15നകം അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പണിതുടങ്ങിയില്ല. 30ന് പൊതുമരാമത്ത് മന്ത്രി റോഡ് ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരിക്കയാണ്. അതിനുമുമ്പ് പണി പൂര്‍ത്തിയാവണം.
ജല അതോറിറ്റി പൈപ്പിലെ ചോര്‍ച്ചയാണ് റോഡുതകര്‍ച്ചയ്ക്ക് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിഗമനം. അതിനാല്‍ ജല അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന മുറയ്ക്ക് ടാറിങ് നടത്താനായിരുന്നു പരിപാടി. എന്നാല്‍, ഒരിടത്ത് റോഡരികിലെ പൈപ്പ് പൊട്ടല്‍ അറ്റകുറ്റപണി നടത്തുക മാത്രമാണ് ഇതുവരെ നടന്നത്.
അതിനിടെ, അമ്പലപ്പാറയിലേക്ക് വെള്ളമെത്തിക്കുന്ന പമ്പ് ഹൗസില്‍ മോട്ടോര്‍ കേടായി. ഇതിന് ശേഷം റെയില്‍വേ ട്രാക്കിനടിയിലൂടെ കടന്നുപോകുന്ന പൈപ്പില്‍ ചോര്ച്ചമാറ്റാനുള്ള പ്രവൃത്തിയും തുടങ്ങി. ഇതുകാരണം ജലവിതരണം തടസ്സപ്പെട്ടിരിക്കയാണ്.
പമ്പിങ് നടത്താതെ പൊട്ടിയഭാഗം തിരിച്ചറിയാനാവില്ലെന്നതിനാല് റോഡിലെ പ്രവൃത്തികള്‍ നടത്താനാവില്ലെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്. പൈപ്പ് മാറ്റല്‍ നടന്നാല്‍ ഉടന്‍തന്നെ ടാറിങ് നടത്തുമെന്ന് പൊതുമരാമത്ത് അധികൃതരും വ്യക്തമാക്കി. മൂന്നര കിലോമീറ്ററിനുള്ളിലെ സ്ഥലങ്ങളിലാണ് റോഡുതകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. തകര്ന്നസ്ഥലങ്ങള് പൊതുമരാമത്ത്, ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തിയിരുന്നു.
ചുനങ്ങാട് മലപ്പുറത്തെ വില്ലേജോഫീസ് പരിസരം, മരുക്കുംപറ്റ, തിരുണ്ടി, ആലിന്‍ചുവട് തുടങ്ങി 13 സ്ഥലങ്ങളിലാണ് റോഡ് വിണ്ടുകീറിയതായി കണ്ടെത്തിയത്. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്ന് പാലക്കാട്കോഴിക്കോട് ദേശീയപാതയിലെ ആര്യമ്പാവില്‍ എത്തിച്ചേരുന്ന റോഡാണിത്. കിലോമീറ്ററിന് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് 22.5 കോടിയുടെ പ്രവൃത്തിയാണ് നടത്തിയത്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: