കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സിഎംഎഫ്ആര്‍ഐയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായി മുഖാമുഖം ശില്പശാല സമാപിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 20 മുതല്‍ 24 വരെ എറണാകുളം സിഎംഎഫ്ആര്‍ഐയിലാണ് പരിപാടി സംഘടിപ്പിച്ചത്.
8 മുതല്‍ 12 വരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച 5 ദിവസത്തെ ശില്പശാലയില് ഡോ. എം.ആര്. ശാന്താദേവി, ബിനോയ് തോമസ്, ഡോ. എ.ആര്.ആര്. മേനോന്, ഡോ. രമേശ് കുമാര്‍ (എന്‍ഐഒ), ഡോ. മഞ്ജു. ടി (ശ്രീശങ്കര കോളേജ്), ഡോ. ഉണ്ണി (എന്‍പിഒഎല്‍), ഡോ. വി. ശിവാനന്ദന് ആചാരി,
ഡോ. കെ. ഗിരീഷ് കുമാര്‍, ഡോ. നന്ദകുമാര്‍ (കുസാറ്റ്), ഡോ. പോള്‍സണ്‍ (സിഎംഎഫ്ആര്‍ഐ), ഡോ. സുനില്‍ പോള്‍, എന്നിവര്‍ ഓഷ്യന്‍ ടെക്നോളജി, റോബോട്ടിക്സ്, നാനോസയന്‍സ്, ബയോടെക്നോളജി, എന്വയേണ്മെന്റല് സയന്‍സ്, അപ്ലൈഡ് കെമിസ്ട്രി, ഷിപ്പ് ടെക്നോളജി, റിമോട്ട് സെന്‍സിങ്ങ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. കൂടാതെ സിഎംഎഫ്ആര്‍ഐ, എന്‍ഐഒ തുടങ്ങിയ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഗവേഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിച്ചു.
ശില്പശാലയുടെ സമാപന സമ്മേളനത്തില്‍ എന്‍പിഒഎല്‍ മുന്‍ ഡയറക്ടര്‍ എസ്. അനന്തനാരായണന്‍ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളെക്കുറിച്ച് സ്കൂള്‍ തലത്തില്‍ മനസ്സിലാക്കുകയും അഭിരുചി തിരിച്ചറിഞ്ഞ് അവരവരുടെ ഇഷ്ട മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ ശാസ്ത്ര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് അധ്യക്ഷ പ്രസ്ഥാനത്തില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം ജില്ലാ പ്രസിഡന്റ് ഡോ. ഇ.വി. രാധാകൃഷ്ണന് പറഞ്ഞു. സെക്രട്ടറി ബിനോയ് തോമസ്, ഡോ. എം.ആര്. ശാന്താദേവി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: