ശ്രീശങ്കര ഭഗവത്പാദര്‍ തന്റെ ജന്മംകൊണ്ടു ഏതു ദേശത്തെയാണോ ലോക പ്രശസ്തമാക്കിയത് ആ കേരളദേശത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എന്തു പ്രചാരവും പ്രാധാന്യവുമാണ് സംഭവിച്ചത് എന്നു ചിന്തിക്കുന്നത് രസാവഹമായിരിക്കും. അതിലേക്കുള്ള ചരിത്രപരവും വസ്തുനിഷ്ഠവുമായ പഠനവും ഗവേഷണവുമാണ് ഡോ.രാജീവ് ഇരിങ്ങാലക്കുട ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്.
ഒരു യുഗപുരുഷന്റെ ചൈതന്യവത്തായ ജീവിതവും കാലാതിവര്‍ത്തിയായ അതിന്റെ പ്രസക്തിയും മാറിമാറിവരുന്ന ശിക്ഷ്യപരമ്പരയിലൂടെ എങ്ങനെ സംക്രമിക്കുന്നു എന്ന് അറിയാന്‍ ഈ ഗ്രന്ഥം സഹായിക്കുന്നു.
ഹ്രസ്വകാല ജീവിതംകൊണ്ട് ലോകപ്രശസ്തനായിത്തീര്‍ന്ന മഹാത്മാവാണ് ശങ്കരാചാര്യ സ്വാമികള്‍. കൗമാരപ്രായത്തില്‍ കേവലം നാലുവര്‍ഷം കൊണ്ട മഹാഭാഷ്യങ്ങളും സ്തോത്രകൃതികളും പ്രകരണ പ്രബന്ധങ്ങളുമായി നൂറിലേറെ കൃതികള്‍ രചിച്ച ആ മഹാമനീഷിയെ അത്ഭുതപരതന്ത്രരായി നമിക്കാനേ ലോകര്‍ക്കു കഴിയൂ!. ആ മഹാപ്രതിഭയെ ദണ്ഡനമസ്കാരം ചെയ്തു സുകൃതം നേടിയ ശിക്ഷ്യപ്രഭൃതികളായിരുന്നു പദ്മപാദരും തോടകനും ഹസ്താമലകനും സുരേശ്വരനും മറ്റും.
ഈ നാല് ശിഷ്യന്മാര് തൃശിവപേരൂരില് പടിഞ്ഞാറെച്ചിറയ്ക്കു സമീപം സ്ഥാപിച്ച നാലു മഠങ്ങളാണ് കേരളത്തിലെ സ്വാമിയാര് മഠങ്ങള്‍. തെക്കേ മഠം, നടുവില്‍ മഠം, ഇടയില്‍ മഠം, വടക്കേ മഠം(ബ്രഹ്മസ്വമഠം) എന്നിവയാണ്, അവ. തുടര്‍ന്നു കേരളത്തിന്റെ പല ഭാഗത്തും മഠങ്ങളുണ്ടായി. ഈ മഠങ്ങളുടെ ചരിത്രവും ആചാരക്രമങ്ങളും കാലംകൊണ്ടു സംഭവിച്ച സാമൂഹികമായ അപചയവും ഗവേഷണ ബുദ്ധിയോടെ രാജീവ് ഇരിങ്ങാലക്കുട ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നു.
അല്പം കൊണ്ട് അധികം എന്ന ചോല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇതൊരു ലഘുഗ്രന്ഥമെങ്കിലും സാരഗര്‍ഭവും ശ്രമകരവുമായ പ്രവര്‍ത്തനം ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്. മഹത്തായ ഒരാശയം വെറും ആചാരങ്ങളില്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ. ഗ്രന്ഥത്തിന്റെ ഉപസംഹാരത്തില്‍ ഗ്രന്ഥകര്‍ത്താവുതന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ബ്രഹ്മസ്വം മഠക്കാര് ചെയ്യുന്ന അഭ്യാസക്രമങ്ങള്‍ വിസ്മരിക്കുന്നില്ല. എങ്കിലും അതിലും ഒരു സാര്‍വത്രിക സ്വഭാവമുണ്ടോയെന്ന് സംശയമാണ്.
അതെന്തായാലും ഈ ഗ്രന്ഥത്തിന്റെ പ്രതിപാദ്യവും അവതരണവും ഗവേഷണങ്ങള്‍ക്കും സംവാദവിവാദങ്ങള്ക്കും ധാരാളം വകകള്‍ അനുവാചകന് നല്‍കുന്നുണ്ട്. സുഗ്രാഹ്യമായ ഭാഷാശൈലിയും ചരിത്രവിധിക്രമവും കൊണ്ട് ഒരിരിപ്പിനു വായിച്ചുതീര്‍ക്കാന്‍ തക്ക രസം ഗ്രന്ഥത്തിലുടനീളം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: