കൊച്ചി: വിഷം തീണ്ടിയ പച്ചക്കറികള്‍ സമൂഹത്തില്‍ മാരകരോഗങ്ങള്‍ പടത്തുകയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പൊക്കാളി നിലങ്ങളില്‍ രാസവളങ്ങളുടേയോ കീടനാശിനികളുടേയോ അകമ്പടിയില്ലാതെ സ്വാഭാവിക രീതിയില്‍ വിളവ് നല്കുന്ന പച്ചക്കറിക്കൃഷി സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാകളക്ടറുടെ ഉത്തരവും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധിയും കാറ്റില്‍പ്പറത്തിക്കൊണ്ട് കണ്ടക്കടവ് പാടശേഖരത്തില്‍ ഏപ്രില്‍ 15-ന് ശേഷവും ഓരുവെളളം നിലനിര്‍ത്തി നിയമവിരുദ്ധമായ മത്സ്യവാറ്റ് തുടരുന്നതിനെതിരെയുള്ള പ്രതിഷേധ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
നെല്‍ക്കൃഷി നഷ്ടമാണെന്നാരോപിച്ചുകൊണ്ട് ഒരു വിഭാഗം നിലമുടമകള്‍ നിരന്തര ഓരുജല മത്സ്യവാറ്റിലേര്പ്പെടുന്നതുമൂലം പച്ചക്കറിക്കൃഷി പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുകയാണ്. കടുത്ത ഓരിന്റെ സ്ഥിരമായ സാന്നിധ്യംമൂലം വീടുകളെല്ലാം തന്നെ തെളളി ദുര്‍ബലപ്പെടുകയും ശുദ്ധജല സ്രോതസ്സുകള്‍ മുഴുവന്‍ മലിനമാക്കപ്പെടുകയും ചെയ്യുന്നു. ഫലവൃക്ഷങ്ങള്‍ മുഴുവന്‍ ഉണങ്ങി നശിക്കുന്നു. കൃഷി-ഫിഷറീസ് വകുപ്പുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ചെമ്മീന്‍ വാറ്റുകാര്‍ നിയമം കൈയിലെടുത്ത് വിലസുന്നത്.
ഈ സാഹചര്യം തിരുത്തുവാന്വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭണവുമായി മുന്നോട്ട് പോകുവാന്‍ പൊക്കാളി സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു.
സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ. മോഹനന് അദ്ധ്യക്ഷത വഹിച്ചു. റോജി ആറാട്ടുകുളങ്ങര, പി.ടി. മാധവന്, സുബ്രഹ്മണ്യന്. ടി.കെ., രവി. കെ.കെ., കെ.വി. രാജപ്പന്, കെ.പി. മാധവന്, രത്നവല്ലി പവിത്രന്, നളിനി കൃഷ്ണന്, കമലാക്ഷി വല്ല്യതറ, മൈഥിലി വിശ്വംഭരന്, രുഗ്മിണി മോഹന്‍, ചിത്തിര കൊച്ചുകുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: